വിഴിഞ്ഞം പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികളോട് അവഗണനയെന്ന് പരാതി

Posted on: 22 Aug 2015വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികളോടും കടലുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരോടും സര്‍ക്കാര്‍ അവഗണന കാട്ടുന്നുവെന്ന് പരാതി. കടലില്‍ നിന്ന് കക്ക, ചിപ്പി, ശംഖ് തുടങ്ങിയവ ശേഖരിക്കുന്ന പദ്ധതി പ്രദേശമായ മുല്ലൂരിലെ തൊഴിലാളികളോടാണ് അവഗണന. പദ്ധതി വരുന്നതോടെ തൊഴിലും തൊഴിലിടവും നഷ്ടമാകുന്ന ഇവര്‍ക്ക് യാതൊരു തരത്തിലുള്ള തൊഴില്‍ സുരക്ഷയും സര്‍ക്കാര്‍ നല്‍കുന്നില്ല. മാത്രമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിലും ഈ തൊഴിലാളികള്‍ ഉള്‍പ്പെടുന്നില്ല. ചൊവ്വര മുതല്‍ കരിമ്പഴിക്കര വരെയുള്ള കടലില്‍ 300 ഓളം പേരാണ് ഇത്തരത്തില്‍ തൊഴിലെടുക്കുന്നത്. കട്ടമരത്തില്‍ കടലില്‍ പോയി ശംഖ്, ചിപ്പി, ലോഫ്റ്റര്‍, കണവ, തിരണ്ടി, അപൂര്‍വയിനം വര്‍ണ മത്സ്യങ്ങള്‍ തുടങ്ങിയവ ശേഖരിക്കുകയാണ് ഇവരുടെ ജോലി. സ്വദേശത്ത് വില്‍ക്കുന്നതിന് പുറമെ ഇവര്‍ ശേഖരിക്കുന്ന വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. നിര്‍ദിഷ്ട പദ്ധതി പ്രദേശത്തും ആഴിമല ക്ഷേത്രം തൊട്ട് വിഴിഞ്ഞം മത്സ്യബന്ധന ഹാര്‍ബറിന്റെ കിഴക്കേ അറ്റം വരെയുള്ള കടലിനെയുമാണ് ഇപ്പോള്‍ ഇവര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്നത്. സാധാരണ മീന്‍പിടിത്തക്കാരെ പോലെ ബോട്ടുകളെ അല്ല ഇവര്‍ മത്സ്യബന്ധനത്തിന് ആശ്രയിക്കുന്നത്. ഇവര്‍ക്ക് തലമുറകള്‍ കൈമാറി വരുന്ന തടങ്ങള്‍ കടലിനടിയില്‍ ഉണ്ട്. തടങ്ങളില്‍ ഉണ്ടാക്കുന്ന കൂടുകളില്‍ നിന്നുമാണ് മത്സ്യങ്ങളും മറ്റ് ഉത്പന്നങ്ങളും ശേഖരിക്കുന്നത്. നിലവില്‍ 51 പേര്‍ക്ക് ഇത്തരത്തില്‍ കടലില്‍ തടങ്ങളുണ്ട്. 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വിലമതിക്കുന്നതാണ് ഈ തടങ്ങള്‍. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ കടലിനടിയിലെ ഈ തടങ്ങള്‍ നശിക്കും. അതോടെ ഇവരുടെ ജീവനോപാധിയും നഷ്ടമാകും. ഇവരെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ചെറുകിട കച്ചവടക്കാരുമുണ്ട്. 300 ഓളം വരും ഈ സംഖ്യ. കടലില്‍ നിന്ന് കിട്ടുന്ന ഇത്തരം വസ്തുക്കള്‍ വീടുകളില്‍ ചെന്ന് വില്‍ക്കുന്നവരാണിവര്‍. മത്സ്യത്തൊഴിലാളികള്‍ക്കു പുറമെ മുല്ലൂര്‍ പ്രദേശത്തെ കയര്‍, കര്‍ഷക, നിര്‍മാണ തൊഴിലാളികളും പദ്ധതി വരുന്നതോടെ തൊഴില്‍ നഷ്ടമാകുന്നവരുടെ കൂട്ടത്തിലുണ്ട്. കയര്‍ തൊഴിലാളികളുടെ തൊണ്ട് കുഴികള്‍ പദ്ധതി പ്രദേശത്തെ കടലിനോട് ചേര്‍ന്നാണുള്ളത്. സംസ്ഥാനത്തിനും രാജ്യത്തിനും ഗുണം വരുന്ന പദ്ധതിയായതുകൊണ്ട് തുറമുഖ വകുപ്പിന് മുല്ലൂര്‍ നിവാസികള്‍ സമ്മതപത്രം ഒപ്പിട്ട് കൊടുത്തിരുന്നു. എന്നാല്‍ സര്‍ക്കാറില്‍ നിന്ന് ഇവര്‍ക്ക് നീതി ലഭിച്ചില്ല. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും പുനരധിവാസവും സര്‍ക്കാര്‍ ഉറപ്പു നല്‍കുമ്പോള്‍ പദ്ധതി നടപ്പിലാകുന്ന മുല്ലൂര്‍ പ്രദേശത്തോട് കാണിക്കുന്ന അവഗണനയില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

More Citizen News - Thiruvananthapuram