രാജ്യത്തെ ആദ്യ റോഡ് സേഫ്റ്റി ഹാക്കത്തോണ്‍ ശനിയാഴ്ച തുടങ്ങും

Posted on: 22 Aug 2015തിരുവനന്തപുരം: റോഡ് സുരക്ഷാ നടപടികളെ പിന്തുണയ്ക്കുന്നതിനായി കേരള റോഡ് സേഫ്റ്റി അതോറിട്ടി സംഘടിപ്പിക്കുന്ന ദ്വിദിന ഹാക്കത്തോണ്‍ ശനിയും ഞായറുമായി ടെക്‌നോപാര്‍ക്കില്‍ നടക്കും.
ലോക ബാങ്കിന്റെയും ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റേയും എ.എക്‌സ്.എ. ഇന്‍ഷുറന്‍സിന്റെയും പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന കേരള റോഡ് സേഫ്റ്റി ഹാക്കത്തോണ്‍ രാജ്യത്ത് ആദ്യമാണെന്ന് റോഡ് സേഫ്റ്റി കമ്മീഷണര്‍ ആര്‍.ശ്രീലേഖ പറഞ്ഞു.
ശനിയാഴ്ച രാവിലെ 10ന് സംസ്ഥാന സുരക്ഷാ കമ്മീഷന്‍ പി.കെ.ഹോര്‍മിസ് തരകന്‍ ഹാക്കത്തോണ്‍ ഉ്ഘാടനം ചെയ്യും. സംസ്ഥാന ഐ.ടി.-ഇന്‍ഡസ്ട്രീസ് സെക്രട്ടറി പി.എച്ച്.കുര്യന്‍ അധ്യക്ഷത വഹിക്കും. ലോക ബാങ്ക് ലീഡ് ട്രാന്‍സ്‌പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ് അര്‍ണാബ് ബന്ധോപാദ്ധ്യായ, കേരള സാങ്കേതി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി.ഐസക്, ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. കെ.ജി.ഗിരീഷ് ബാബു, ജി-ടെക് ജോയിന്റ് സെക്രട്ടറി ബിനു ജേക്കബ് എന്നിവര്‍ സംസാരിക്കും.
ഞായറാഴ്ച വൈകീട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. റോഡ് സേഫ്റ്റി കമ്മീഷണര്‍ ആര്‍.ശ്രീലേഖ, അലക്‌സാണ്ടര്‍ സെബാസ്റ്റ്യന്‍ ഓര്‍, ആങ്കുര്‍ അഗര്‍വാള്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് പോലീസ് ബാന്‍ഡ് ഉണ്ടാകും.
24 മുതല്‍ 36 വരെ മണിക്കൂര്‍ സമയം തുടര്‍ച്ചയായി ജോലി ചെയ്ത് ഇന്നൊേവറ്റീവായ സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകളോ ആപ്ലിക്കേഷനുകളോ പുതിയ ഉത്പന്ന ആശയങ്ങളോ സൃഷ്ടിക്കുകയാണ് ഹാക്കത്തോണിലൂടെ ചെയ്യുക. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ 350 ഓളം പേര്‍ ഇതില്‍ പങ്കാളികളാകും. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, ഗ്രാഫിക് ഡിസൈനര്‍മാരും, പ്രോജക്ട് മാനേജര്‍മാരും ഉള്‍പ്പെടെ സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ ഡെവലപ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നതെന്ന് ശ്രീലേഖ പത്രപ്രവര്‍ത്തകരോട് പറഞ്ഞു.
ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ എന്നീ രണ്ട് മേഖലകളിലും വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 1,90,000 രൂപ വീതവും രണ്ടാമതെത്തുന്നവര്‍ക്ക് 95,000 രൂപ വീതവും സമ്മാനമായി നല്‍കും.

More Citizen News - Thiruvananthapuram