ഓണവില്ല് കച്ചവടമാക്കിയെന്ന് ആരോപണം

Posted on: 22 Aug 2015തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ല് ആചാരാനുഷ്ഠാനങ്ങള്‍ അവഗണിച്ച് കച്ചവടമാക്കിയെന്ന് ആരോപണം. പരമ്പരാഗതമായി ഓണവില്ല് തയാറാക്കിയിരുന്നവരെ അവഗണിച്ച് ഓണവില്ല് നിര്‍മാണത്തിന് ക്ഷേത്രഭരണസമിതി പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ആരോപണത്തിന് ഇടയാക്കിയത്. ഓണവില്ല് ആവശ്യപ്പെട്ട് കൂടുതല്‍ ഭക്തര്‍ എത്തിയതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പരമ്പരാഗതമായി ഓണവില്ല് നിര്‍മിച്ചിരുന്ന കുടുംബക്കാര്‍ കൂടുതല്‍ വില്ലുകള്‍ കൈമാറുന്നതിന് വിസമ്മതിച്ചതോടെ പകരം ക്രമീകരണം ഏര്‍പ്പെടുത്താന്‍ ക്ഷേത്രം അധികൃതര്‍ തയാറായി.
ക്ഷേത്രത്തില്‍ ചാര്‍ത്താനുള്ള വില്ലുകള്‍ നിര്‍മിക്കുന്നതുപോലെ വ്രതാനുഷ്ഠാനത്തോടെയാണ് ഭക്തര്‍ക്ക് നല്‍കുന്ന വില്ലുകളും നിര്‍മിക്കുന്നതെന്ന് ഓണവില്ല് കാലങ്ങളായി നിര്‍മിച്ചിരുന്ന കുടുംബത്തിലെ അംഗമായ ബിന്‍കുമാര്‍ പറഞ്ഞു. പരമാവധി 1800 വില്ലുകളാണ് നിര്‍മിക്കാന്‍ കഴിയുക. എന്നാല്‍ 2500 ഓളം വില്ലിന് ആവശ്യക്കാരുണ്ടെന്ന നിലപാടിലാണ് ക്ഷേത്രഭരണസമിതി. ഇതേ തുടര്‍ന്ന് ക്ഷേത്രജീവനക്കാരിലെ കലാകാരന്മാരെയും ഭക്തരെയും ഉള്‍പ്പെടുത്തി വില്ലുകള്‍ ഉണ്ടാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. എന്നാല്‍ ഇത് കാലങ്ങളായി തുടര്‍ന്നുവരുന്ന കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് പറയപ്പെടുന്നു. ആചാരങ്ങളുടെ ഭാഗമായിട്ടാണ് ഓണവില്ല് നിര്‍മാണം ഒരു കുടുംബത്തെ ഏല്‍പ്പിച്ചത്. ഓണവില്ലിന്റെ പേറ്റന്റ് അവര്‍ സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ക്ഷേത്രഭരണസമിതി. ആവശ്യപ്പെടുന്ന ഭക്തര്‍ക്കെല്ലാം ഓണവില്ല് നല്‍കാനുള്ള ക്രമീകരണമാണ് ഭരണസമിതി ചെയ്യുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.

More Citizen News - Thiruvananthapuram