ഗ്രാമീണ ആരോഗ്യ സ്ഥിതിവിവരക്കണക്ക് പ്രസിദ്ധീകരിച്ചു; സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് കടുത്ത ക്ഷാമം

Posted on: 22 Aug 2015കേരളത്തിലെ സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ ആകെയുള്ളത് 39 സ്‌പെഷ്യലിസ്റ്റുകള്‍
വനിതാ ഹെല്‍ത്ത് അസിസ്റ്റന്റുമാരുമില്ല


തിരുവനന്തപുരം:
ദേശീയതലത്തില്‍ ഗ്രാമീണ ആരോഗ്യമേഖലയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് കടുത്ത ക്ഷാമം. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണത്തില്‍ 81.2 ശതമാനം കുറവാണുള്ളത്. സര്‍ജന്‍മാരുടെ 83.4 ശതമാനവും ഗൈനക്കോളജിസ്റ്റുകളുടെ 76.3 ശതമാനവും ഫിസിഷ്യന്‍മാരുടെ 83 ശതമാനവും ശിശുരോഗ വിദഗ്ദ്ധരുടെ 82.1 ശതമാനവും കുറവുള്ളതായി ആരോഗ്യമന്ത്രാലയത്തിന്റെ ഗ്രാമീണ ആരോഗ്യ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു. 2015 മാര്‍ച്ച് വരെയുള്ള കണക്കെടുപ്പാണ് ആരോഗ്യമന്ത്രാലയം നടത്തിയിട്ടുള്ളത്.
കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ 888 സ്‌പെഷ്യലിസ്റ്റുകളെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമുണ്ട്. പക്ഷേ 30 തസ്തികകളേ അനുവദിച്ചിട്ടുള്ളു. 39 പേരെ നിയമിച്ചിട്ടുമുണ്ട്. ഒരിടത്തും സര്‍ജന്മാരില്ല. ഗൈനക്കോളജിസ്റ്റുകള്‍ 20 പേര്‍ മാത്രമാണുള്ളത്. ഫിസിഷ്യമാര്‍ രണ്ടുപേരെയുള്ളു. ശിശുരോഗ വിദഗ്ദ്ധര്‍ 17 പേര്‍ മാത്രം. ജനറല്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ 781 പേര്‍ മതിയെങ്കിലും 1019 പേര്‍ ജോലി ചെയ്യുന്നു.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ സ്‌പെഷ്യലിസ്റ്റുകളുടെ എണ്ണം ദേശീയ തലത്തില്‍ 2005-ല്‍ 3550 ആയിരുന്നത് ഇക്കൊല്ലം മാര്‍ച്ചോടെ 4078 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 4091 സ്‌പെഷ്യലിസ്റ്റുകളേ ഉണ്ടായിരുന്നുള്ളു. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ അനുവദിച്ചിട്ടുള്ള 67.6 ശതമാനം സ്‌പെഷ്യലിസ്റ്റ് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. 74.6 ശതമാനം സര്‍ജന്‍മാരുടെയും 65.4 ശതമാനം ഗൈനക്കോളജിസ്റ്റുകളുടെയും 68.1 ശതമാനം ഫിസിഷ്യന്‍മാരുടെയും 62.8 ശതമാനം ശിശുരോഗ വിദഗ്ദ്ധരുടെയും തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അലോപ്പതി ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ദേശീയതലത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2005-ല്‍ 1,33,194 ആയിരുന്നത് ഇക്കൊല്ലം മാര്‍ച്ചോടെ 2,12,185 ആയി ഉയര്‍ന്നു. വര്‍ധനവ് 35 ശതമാനം. അതേസമയം ആവശ്യമായതിന്റെ 11.9 ശതമാനം ഡോക്ടര്‍മാരുടെ കുറവുള്ളതായി സ്ഥതിവിവരക്കണക്ക് ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ (പുരുഷന്‍) തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 4575 വര്‍ക്കര്‍മാര്‍ വേണ്ടിടത്ത് 3401 തസ്തികകളേ അനുവദിച്ചിട്ടുള്ളു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഫീമെയില്‍ ഹെല്‍ത്ത് അസിസ്റ്റന്റുമാര്‍ 827 പേരെ ആവശ്യമുണ്ട്. ഇതില്‍ 13 തസ്തികകളേ അനുവദിച്ചിട്ടുള്ളു. അതേസമയം പുരുഷ ഹെല്‍ത്ത് അസിസ്റ്റന്റുമാര്‍ 827 പേര്‍ വേണ്ടിടത്ത് 2197 പേരെ നിയമിച്ചിട്ടുണ്ട്. 2186 ആണ് അനുവദിച്ചിട്ടുള്ള തസ്തിക. കേരളത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ ആവശ്യമായതിലും കൂടുതലാണ്. 827 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 1169 പേരെ നിയമിച്ചിട്ടുണ്ടെന്നും സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ വളര്‍ച്ചയില്‍ കേരളം മുന്നിലാണ്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എ.എന്‍.എം, റേഡിയോഗ്രാഫര്‍ തുടങ്ങിയ തസ്തികകളിലും കുറവുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞവര്‍ഷം 2,13,400 ആയിരുന്നു എ.എന്‍.എമ്മുമാരുടെ എണ്ണം. ഇത് 2,12,185 ആയി കുറഞ്ഞു. അതേസമയം കേരളം അടക്കമുള്ള 19 സംസ്ഥാനങ്ങളില്‍ എ.എന്‍.എം. തസ്തികളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേയും നേഴ്‌സുമാരുടെ എണ്ണം 63,938 ല്‍ നിന്ന് 65,039 ആയി ഉയര്‍ന്നു.

More Citizen News - Thiruvananthapuram