പൂക്കളും ഇലകളും മാത്രം; പൂഴിക്കുന്നിലെ വലിയ പൂക്കളം

Posted on: 22 Aug 2015നേമം: പാപ്പനംകോട് പൂഴിക്കുന്നില്‍ പതിവ് തെറ്റിക്കാതെ പൗരസമിതിയുടെ നേതൃത്വത്തില്‍ വലിയ പൂക്കളം ഒരുങ്ങി. ഇരുപതടി നീളവും പതിനഞ്ചടി വീതിയുമുള്ള ഈ ഭീമന്‍ പൂക്കളം ജില്ലയില്‍ തന്നെ ഏറ്റവും വലിയ അത്തപ്പൂക്കളമാണെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
എല്ലാവര്‍ഷവും വലിയ പൂക്കളമൊരുക്കുന്നതിനാല്‍ ആദ്യ ദിവസം മുതല്‍ തന്നെ വലിയ ജനശ്രദ്ധയാണ് പൂഴിക്കുന്നിലെ പൂക്കളത്തിന് ലഭിക്കുന്നത്. ദിവസവും ആയിരക്കണക്കിന് രൂപയുടെ പൂക്കള്‍ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കുന്നത്. പൂക്കളമൊരുക്കാന്‍ ആവശ്യമായ പൂക്കള്‍ തോവാളയില്‍ നിന്നാണ് എത്തിക്കുന്നത്.
രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ആരംഭിക്കുന്ന അത്തമൊരുക്കല്‍ പുലര്‍ച്ചെ വരെ നീളും. പൂവും ഇലയും മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന അത്തക്കളത്തില്‍ ഒരു വശം പൂക്കളവും ചിത്രവുമായിരിക്കും. അത്തത്തിന് തുടക്കം കുറിച്ച ദിവസം ശിവപാര്‍വതിയുടെ ചിത്രമാണ് പൂക്കളില്‍ തീര്‍ത്തത്. പൗരസമിതി അംഗങ്ങള്‍ തന്നെയാണ് പൂക്കളമൊരുക്കുന്നത്. പൂഴിക്കുന്ന് പൗരസമിതിയുടെ 28-ാമത് വാര്‍ഷികവും ഓണാഘോഷവുമാണ് നടക്കുന്നത്. ആഗസ്ത് 19 മുതല്‍ 28 വരെ ഓണവില്ല് കലാസാംസ്‌കാരിക സമ്മേളനവും ഓണക്കിറ്റ് വിതരണവുമടക്കം നിരവധി പരിപാടികള്‍ ഓണാഘോഷത്തോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

More Citizen News - Thiruvananthapuram