ഓണത്തിന് വെള്ളായണിയിലെ ചെന്താമരപ്പൂക്കള്‍

Posted on: 22 Aug 2015നേമം: കായല്‍ കനിഞ്ഞതോടെ ചാലയിലെ പൂവ് വിപണിക്ക് ഉണര്‍വ് പകര്‍ന്ന് വെള്ളായണിയില്‍ നിന്ന് ചെന്താമരപ്പൂക്കളുമെത്തി. കഴിഞ്ഞ തവണ മഴ കാരണം പൂക്കളെല്ലാം കായലില്‍ മുങ്ങിയിരുന്നു. ഓണത്തിന്റെ പൂവിപണിയില്‍ കണ്ണും നട്ടിരുന്ന പതിനഞ്ചോളം കുടംബങ്ങള്‍ക്ക് നിരാശരാകേണ്ടി വന്നിരുന്നു. ഇത്തവണ പൂക്കള്‍ വിരിഞ്ഞതോടെ വെള്ളായണിക്കായലിന് സമീപം ആറാട്ടുക്കടവില്‍ നിന്ന് ദിവസവും പതിനായിരത്തോളം താമരപ്പൂക്കള്‍ ചാല കമ്പോളത്തിലെത്തുന്നു.
ഓണമായാല്‍ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് പൂവിന് ഇരട്ടി വിലയും കിട്ടുമായിരുന്നു. സീസണല്ലാത്തപ്പോള്‍ ആയിരത്തോളം താമരപ്പൂക്കളാണ് കായലില്‍ നിന്നും ശേഖരിക്കുന്നത്. എന്നാല്‍ ഓണക്കാലത്ത് പൂവിന്റെ വില്പന അഞ്ചിരട്ടിയാകും. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന താമരപ്പൂക്കളെക്കാള്‍ കടുംനിറമാണ് വെള്ളായണിക്കായലിലെ ചെന്താമര പൂക്കള്‍ക്ക്. കായലിന് സമീപമുള്ളവരാണ് വള്ളത്തില്‍ കായലിലേയ്ക്ക് പോയി താമരപ്പൂക്കളും ഇലകളും എടുത്ത് ഉപജീവനം കഴിക്കുന്നത്.
ചാലയില്‍ കൊടുക്കുന്നതിന് പുറമെ പുഷ്പാഭിഷേകത്തിനും കലശ പൂജയ്ക്കും ദേവീപൂജയ്ക്കും ശിവപൂജയ്ക്കും താമരയുടെ തണ്ടായ താമര വളയത്തിനുമായി നിരവധിപേര്‍ താമരപ്പൂക്കള്‍ തേടി വെള്ളായണിയില്‍ എത്താറുണ്ട്. വെള്ളായണിയില്‍ നിന്നുള്ള താമരപ്പൂക്കള്‍ ഇല്ലാതെ വരുമ്പോള്‍ തോവാളയില്‍ നിന്നുമെത്തുന്ന താമരപ്പൂവിന് വിലയും കൂടും. ഓണം കഴിഞ്ഞാല്‍ പൂജവെയ്പിനാണ് ആവശ്യക്കാര്‍ ഏറുന്നത്.

More Citizen News - Thiruvananthapuram