സര്‍വകലാശാലകളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഓഡിറ്റ് കര്‍ശനമാക്കുന്നു

Posted on: 22 Aug 2015


അനീഷ് ജേക്കബ്ബ്‌ഓഡിറ്റ് സമയബന്ധിതമാക്കാന്‍ നിയമത്തില്‍ മാറ്റം വേണം
വാര്‍ഷിക റിപ്പോര്‍ട്ട് യഥാസമയം നിയമസഭയില്‍ വയ്ക്കണം


തിരുവനന്തപുരം:
പി.എസ്.സി.ക്ക് പിന്നാലെ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഓഡിറ്റും നിരീക്ഷണവും ഏര്‍പ്പെടുത്തുന്നു. സര്‍വകലാശാലകളുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ നിയമസഭയില്‍ കൃത്യസമയത്ത് സമര്‍പ്പിക്കണം. ഇതിന് സമയപരിധി നിശ്ചയിച്ച് സര്‍വകലാശാലാ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് ധനവകുപ്പ് നിര്‍ദേശിച്ചു.
ധനവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാം ഇത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലര്‍ അക്കൗണ്ടന്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അയച്ചു.
സര്‍ക്കാരില്‍ നിന്നും യു.ജി.സി.യില്‍ നിന്നും ധനസഹായം ലഭിക്കുന്ന സര്‍വകലാശാലകള്‍ വാര്‍ഷിക റിപ്പോര്‍ട്ടുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാത്തത് നിയമസഭാ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് ഇക്കാര്യം പരിശോധിച്ച് സര്‍വകലാശാലകളില്‍ പിടിമുറുക്കുന്നത്.
സര്‍വകലാശാലകള്‍ക്ക് വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച പണം ശരിയായ രീതിയിലാണോ വിനിയോഗിച്ചതെന്ന ലോക്കല്‍ ഫണ്ട് ഓഡിറ്റിലൂടെയാണ് പരിശോധിക്കേണ്ടതെന്ന് നിയമം പറയുന്നു. എന്നാല്‍ ഇതിന് സമയപിരിധി നിശ്ചയിച്ചിട്ടില്ലാത്തിനാല്‍ പരിശോധന അനിശ്ചിതമായി നീളുകയാണ്. റിപ്പോര്‍ട്ടുകള്‍ നിയമസഭയില്‍ സമര്‍പ്പിക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് ഏകീകൃത സ്വഭാവവുമില്ല.
ഓഡിറ്റ് വകുപ്പ് കണക്ക് ലഭിച്ചാല്‍ ആറ് മാസത്തിനകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. സര്‍വകലാശാലകളുടെ അക്കൗണ്ട്‌സ് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും സുഗമമാക്കാന്‍ കമ്പ്യൂട്ടര്‍വത്കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
സര്‍വകലാശാലകളുടെ എല്ലാ വരുമാനവും ഒരു അക്കൗണ്ടിലായിരിക്കണമെന്ന് സര്‍വകലാശാലാ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ സ്വാശ്രയ മേഖല പുഷ്ടിപ്പെടുകയും വരുമാനം വര്‍ധിക്കുകയും ചെയ്തപ്പോള്‍ പല സര്‍വകലാശാലകളും സ്വാശ്രയ സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയും അതിന്റെ കണക്ക് സര്‍ക്കാരിന് നല്‍കാതിരിക്കുകയും ചെയ്തിരുന്നു. സ്വാശ്രയ രംഗത്തുനിന്നുള്ള കോടിക്കണക്കിന് രൂപയുടെ വരുമാനം സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ യഥേഷ്ടം ചെലവിടാനായിരുന്നു പ്രത്യേക അക്കൗണ്ട് സംവിധാനം.
ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വാശ്രയ ഫണ്ടും പ്രധാന അക്കൗണ്ടില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് ധനവകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു. സ്വാശ്രയ മേഖലയില്‍ നിന്നുള്ള വരുമാനം കൂടി കണക്കിലെടുത്തായിരിക്കും സര്‍വകലാശാലകള്‍ക്ക് ബജറ്റിലൂടെ പണം അനുവദിക്കുക.
സ്വയംഭരണ സ്ഥാപനങ്ങളാണെങ്കിലും സര്‍ക്കാര്‍ നല്‍കുന്ന പണത്തിന്റെ ചെലവഴിക്കല്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അവകാശവും ഉത്തരവാദിത്വവുമുണ്ടെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. പി.എസ്.സി.യിലും ഇതേ നയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പിടിമുറുക്കിയത്.
ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പരിശോധന പി.എസ്.സി. അനുവദിച്ചില്ല. എന്നാല്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതിന് പി.എസ്.സി. സര്‍ക്കാരിന്റെ അംഗീകാരം നേടേണ്ടിവരും. ഫയലുകള്‍ ലഭ്യമാക്കുമ്പോള്‍ അവ പരിശോധിച്ച് ഫണ്ട് വകമാറ്റിയതിനും മറ്റും സാധൂകരണം നല്‍കാമെന്ന നിലപാടിലാണ് ധനവകുപ്പ്.

More Citizen News - Thiruvananthapuram