അനിശ്ചിതത്വമൊഴിയുന്നു: തലസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

Posted on: 22 Aug 2015തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളിലേയ്ക്ക് തലസ്ഥാന നഗരസഭ കടക്കുന്നു. നിയമക്കുരുക്കുകള്‍ ഇനിയും സങ്കീര്‍ണമായില്ലെങ്കില്‍ സപ്തംബര്‍ രണ്ടാംവാരം തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കും.
കഴിഞ്ഞ കുറേനാള്‍ അനിശ്ചിതത്വത്തിലായ നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരുവനന്തപുരം നഗരസഭയെ സംബന്ധിച്ച് ഇനി ബാക്കിയുള്ള ജോലികള്‍ ഇവയാണ്. ജനറല്‍, സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുക, അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. വാര്‍ഡുകള്‍ സംബന്ധിച്ച് ഇപ്പോള്‍ തന്നെ ഏറെക്കുറെ ധാരണയുണ്ടെന്നാണ് രാഷ്ട്രീയകക്ഷികളുടെ നിലപാട്. കഴിഞ്ഞ ടേമിലെ സംവരണവാര്‍ഡുകളെല്ലാം ഇക്കുറി ജനറല്‍ വാര്‍ഡുകളാകും. ജനറല്‍ വിഭാഗത്തില്‍പ്പെട്ടവയെല്ലാം വനിതാ, പട്ടികവിഭാഗ സംവരണവാര്‍ഡുകളാകുമെന്നാണ് കരുതുന്നത്.
2010 ലെ വാര്‍ഡ് പുനര്‍വിഭജനമനുസരിച്ചാണിനി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍. ഇതനുസരിച്ച് തലസ്ഥാനത്ത് 100 വാര്‍ഡുകളാണ് നിലവിലുള്ളത്.
നഗരസഭയുടെ 12 വാര്‍ഡുകളെ ഉള്‍പ്പെടുത്തി കഴക്കൂട്ടം മുനിസിപ്പാലിറ്റി രൂപവത്കരിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി നിരാകരിച്ചിരുന്നു.
സപ്തംബര്‍ രണ്ടാംവാരം തിരഞ്ഞെടുപ്പ് വിജ്ഞാപനമായേക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ മൂന്നാംവാരം തിരഞ്ഞെടുപ്പ് നടത്താനും പറ്റും.
തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്ക ഉയര്‍ന്നതോടെ തലസ്ഥാന കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക് പോകുമെന്നാണ് ഭരണസമിതി പോലും കരുതിയത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് വാര്‍ഡ് പുനര്‍വിഭജന നടപടികള്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. വാര്‍ഡ് പുനര്‍വിഭജനം റദ്ദാക്കിയ സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കരുതായിരുന്നുവെന്ന് മേയര്‍ കെ.ചന്ദ്രിക പറഞ്ഞു. ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയിട്ടും അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തിടുക്കം കാണിച്ചതെന്നും മേയര്‍ ആരോപിച്ചു.

More Citizen News - Thiruvananthapuram