പ്രശസ്ത ജപ്പാന്‍ കരാട്ടെ വിദഗ്ധന്‍ മസണബുസാട്ടോ വര്‍ക്കലയിലെത്തുന്നു

Posted on: 22 Aug 2015വര്‍ക്കല: ലോകപ്രശസ്ത പരമ്പരാഗത കരാട്ടെ- കൊബുഡോ പരിശീലകന്‍ ക്യോഷി മസണബുസാട്ടോ രണ്ടാഴ്ചത്തെ പരിശീലന പരിപാടിയുമായി 29ന് വര്‍ക്കലയിലെത്തുന്നു. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന വര്‍ക്കല ഗോജുറിയു കരാട്ടെ സ്‌കൂളിന്റെ ക്ഷണം സ്വീകരിച്ചാണ് കരാട്ടെയുടെ ജന്മസ്ഥലമായ ജപ്പാനിലെ ഒക്കിനാവയില്‍ നിന്ന് അദ്ദേഹമെത്തുന്നത്. ഒക്കിനാവന്‍ ദ്വീപുകാരനായ മസണബുസാട്ടോ റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ വര്‍ഷം ഊട്ടി ഗുരുകുലത്തില്‍ ജോലിചെയ്യുന്ന ജപ്പാന്‍കാരനായ സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഗുരുകുലത്തിലെത്തിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെ പരിചിതമായ വര്‍ക്കല ഗോജുറിയു കരാട്ടെ സ്‌കൂളിനെക്കുറിച്ച് അന്വേഷിക്കുകയും സ്‌കൂള്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. സുഹൃത്തിന്റെ സഹായത്തോടെ വര്‍ക്കലയിലെത്തി കരാട്ടെയോട് ജപ്പാന്‍കാര്‍ കാണിക്കുന്ന അതേ ആവേശം നേരില്‍ക്കണ്ടു. വീണ്ടും വര്‍ക്കലയിലെത്തണമെന്ന ആഗ്രഹം അദ്ദേഹം ഗോജുറിയു സ്‌കൂള്‍ ഡയറക്ടര്‍ സെന്‍സായ് വിജയനോട് പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ കൂടിയാണ് ഓണക്കാലത്ത് വര്‍ക്കലയിലേക്ക് ക്ഷണിച്ചത്.
വര്‍ക്കല, മുരുക്കുംപുഴ, കായംകുളം, എറണാകുളം, തൊടുപുഴ, പയ്യന്നൂര്‍, ഊട്ടി, ബാംഗ്ലൂര്‍ എന്നീ തിരഞ്ഞെടുത്ത സെന്ററുകളില്‍ പരിശീലനം നല്‍കി സപ്തംബര്‍ 19ന് നാട്ടിലേക്ക് മടങ്ങും.

More Citizen News - Thiruvananthapuram