പേയാട്-കാട്ടാക്കട റോഡില്‍ കുഴിയടയ്ക്കാന്‍ 30 ലക്ഷം

Posted on: 21 Aug 2015പണി തുടങ്ങി


മലയിന്‍കീഴ്: യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികള്‍ നിറഞ്ഞ പേയാട്-കാട്ടാക്കട റോഡില്‍ കുഴികളടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് 30 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ പണികള്‍ വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ചു.
ആദ്യ ഘട്ടത്തില്‍, റോഡില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് കൊണ്ടുണ്ടാകുന്ന തകര്‍ച്ച പരിഹരിക്കാന്‍ പേവിങ് ബ്‌ളോക്കുകള്‍ നിരത്തുന്ന പണിയാണ് നടക്കുന്നത്. പൊട്ടന്‍കാവ്, മേപ്പൂക്കട, ഇരട്ടക്കലുങ്ക്, തച്ചോട്ടുകാവ് എന്നിവിടങ്ങളിലായി പേവിങ് ബ്‌ളോക്കിടുന്നതിന് 10 ലക്ഷം രൂപയാണ് ചെലവ്. മറ്റ് ഭാഗങ്ങളില്‍ ടാറിങ് നടത്തിയാവും കുഴി അടയ്ക്കുക. ഇതില്‍ കാട്ടാക്കട-അന്തിയൂര്‍ക്കോണവും അവിടെനിന്ന് പേയാട് വരെയും രണ്ട് ഭാഗങ്ങളായാണ് പണി ചെയ്യുന്നത്. രണ്ട് വര്‍ഷത്തോളമായി തകര്‍ന്ന റോഡിന്റ പുനരുദ്ധാരണത്തിനായി മണ്ഡലത്തിന്റെ പ്രതിനിധികൂടിയായ സ്​പീക്കര്‍ എന്‍.ശക്തന്റെ ആവശ്യപ്രകാരം പൊതുമരാമത്തുവകുപ്പ് പണം അനുവദിച്ചെങ്കിലും പണി ഏറ്റെടുക്കാനാളില്ലായിരുന്നു.
ഒന്നര വര്‍ഷത്തിനിടയില്‍ നാലുതവണയാണ് ടെന്‍ഡര്‍ നടപടികള്‍ നടത്തിയത്. നാലാംതവണ പണി ഏറ്റെടുത്തവര്‍ക്ക് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജോലി ആരംഭിക്കാന്‍ ഇനിയും മാസങ്ങളെടുക്കും. അഞ്ച് അടിവരെ താഴ്ചയുള്ള കുഴികള്‍ നിറഞ്ഞ റോഡില്‍ അതിനിടയ്ക്ക് നടക്കുന്ന കുഴിയടയ്ക്കല്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും. 18.5 കോടി രൂപയാണിപ്പോള്‍ പേയാട് മുതല്‍ മണ്ഡപത്തിന്‍കടവ് വരെയുള്ള റോഡിന്റെ പുനരുദ്ധരണത്തിന് അനുവദിച്ചിട്ടുള്ളത്. 17 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡില്‍ ഏഴ് മീറ്ററില്‍ കുറയാതെ വീതി വര്‍ദ്ധിപ്പിച്ച് ടാര്‍ ചെയ്യാനാണ് പദ്ധതി.

More Citizen News - Thiruvananthapuram