സന്‍സദ് ആദര്‍ശ് ഗ്രാമയോജന പ്രഖ്യാപനം നടന്നു

Posted on: 21 Aug 2015ചിറയിന്‍കീഴ്: അഞ്ചുതെങ്ങ് പഞ്ചായത്തിനെ സന്‍സദ് ആദര്‍ശ് ഗ്രാമയോജനയില്‍ ഉള്‍പ്പെടുത്തിയ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം എ.സമ്പത്ത് എം.പി. നിര്‍വഹിച്ചു. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ജനാസാന്ദ്രത കൂടിയ പഞ്ചായത്തുകളിലൊന്നാണ് അഞ്ചുതെങ്ങ്. ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം കൊണ്ട് മുന്നൂറ് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇനി പഞ്ചായത്തില്‍ നടക്കുക. അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ ഈ പദ്ധതി പ്രകാരം മാറുമെന്നും സമ്പത്ത് പറഞ്ഞു. അഞ്ചുതെങ്ങ് മാമ്പള്ളി എല്‍.പി. സ്‌കൂളില്‍ കൂടിയ പ്രഖ്യാപന യോഗത്തില്‍ ചിറയിന്‍കീഴ് എം.എല്‍.എ. വി.ശശി അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പദ്ധതിരേഖ വിളംബരം നടത്തി. ചാര്‍ജ് ഓഫീസര്‍ സാം ഫ്രാങ്ക്ലൂന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.ശശാങ്കന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്.അംബിക, അഞ്ചുതെങ്ങ് ഫെറോന വികാരി ജോസഫ് ബാസ്‌കര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ്, ദേശീയ ആരോഗ്യമിഷന്‍ ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍, ചിറയിന്‍കീഴ് താലൂക്ക് തഹസില്‍ദാര്‍ ബി.സുകു, ബി.ഡി.ഒ. ആന്‍ഡ്രൂസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജസ്​പിന്‍ മാര്‍ട്ടിന്‍, പഞ്ചായത്ത് പ്രസിഡന്റ് സി.പയസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ദേശീയ ആരോഗ്യമിഷന്‍ ഡയറക്ടര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ മെഡിക്കല്‍ സംഘം മാമ്പള്ളി എല്‍.പി.എസില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.

More Citizen News - Thiruvananthapuram