ഓണം വാരാഘോഷം 25 മുതല്‍ 31 വരെ

Posted on: 21 Aug 2015തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ പരിപാടികള്‍ ആഗസ്ത് 25 മുതല്‍ 31 വരെ നടക്കും. 25ന് വൈകീട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി എ.പി.അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കലാരംഗത്തെ പ്രമുഖ പ്രതിഭകളെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. നിശാഗന്ധി ഓഡിറ്റോറിയവും സെന്‍ട്രല്‍ സ്റ്റേഡിയവും വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ രണ്ട് വേദികളും ഉള്‍പ്പെടെ നഗരത്തിനകത്തും പുറത്തുമുള്ള ചെറുതും വലുതുമായ 29 വേദികളിലാണ് ആഘോഷപരിപാടികള്‍ അരങ്ങേറുക.
ഓണാഘോഷത്തിന്റെ മുഖ്യവേദിയായ കനകക്കുന്നിന്റെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതായും ഇതിന്റെ ഉദ്ഘാടനം 25ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓണാഘോഷങ്ങള്‍ക്കായി സംസ്ഥാനത്തിനാകെ മൂന്നുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത-ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം വിനോദസഞ്ചാരവകുപ്പ് ഈ വേദികളില്‍ ഒരുക്കുന്നുണ്ട്. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ആഘോഷപരിപാടികളില്‍ അയ്യായിരത്തോളം കലാകാരന്മാര്‍ പങ്കെടുക്കും.
ഓണാഘോഷത്തിന് മുന്നോടിയായുള്ള വിളംബരഘോഷയാത്ര സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ടൂറിസം വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച വൈകീട്ട് 4ന് ആരംഭിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്തുനിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്രയില്‍ ഇക്കുറി പുലിവേഷത്തില്‍ കുട്ടികളും പങ്കെടുക്കും. ഘോഷയാത്ര കനകക്കുന്നില്‍ എത്തുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓണപ്പാതക ഉയര്‍ത്തും. വൈകീട്ട് 6.30ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ചോണ്‍ നിര്‍വഹിക്കും.
കെ.എസ്.ചിത്രയ്‌ക്കൊപ്പം സുദീപും സംഘവും അവതരിപ്പിക്കുന്ന 'മാജിക്കല്‍ മെലഡീസ്' പരിപാടിയോടെയാണ് പ്രധാന വേദിയായ നിശാഗന്ധിയിലെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകുക. ടൂറിസം തീം സോങ്ങിനൊപ്പമുള്ള നര്‍ത്തകിമാരുടെ നടനവിസ്മയവും രാജശ്രീ വാര്യരുടെ നൃത്തവും ചടങ്ങിന് മിഴിവേകും. ശിവമണിയും കരുണാമൂര്‍ത്തിയും ചേര്‍ന്നവതരിപ്പിക്കുന്ന താളസ്വരവാദ്യങ്ങളുടെ 'ജേര്‍ണി ഓഫ് റിഥം', ശ്വേതാ മോഹനനും സംഘവും അവതരിപ്പിക്കുന്ന 'മ്യൂസിക്കല്‍ നെറ്റ്', അഫ്‌സലും സംഘവും അവതരിപ്പിക്കുന്ന 'ഇശല്‍ രാവുകള്‍', മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാമാരും ഉള്ളേരി പ്രകാശും അവതരിപ്പിക്കുന്ന 'രാഗരസം' തുടങ്ങിയ പരിപാടികളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. സിനിമാ നടന്‍ മുകേഷിനൊപ്പം ഡോ.മേതില്‍ ദേവിക അവതരിപ്പിക്കുന്ന നാടകം 'നാഗ'യ്ക്കും നിശാഗന്ധിയില്‍ അരങ്ങൊരുങ്ങും.
ജി.വേണുഗോപാല്‍, വിധു പ്രതാപ്, ഉണ്ണിമേനോന്‍, സയനോര തുടങ്ങിയവരുടെ ഗാനമേളകള്‍, ഗോപിനാഥ് മുതുകാടിന്റെ മാന്ത്രികപ്രദര്‍ശനം, വിനീത് ശ്രീനിവാസന്‍, സ്റ്റീഫന്‍ദേവസി തുടങ്ങിയവരുടെ ബാന്‍ഡുകളും പ്രമുഖ ഗ്രൂപ്പുകളുടെ നാടകങ്ങളും നൃത്തനിത്യങ്ങളും ഇത്തവണത്തെ ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും.
പതിവ് വേദികള്‍ക്കൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ക്ക് അരങ്ങൊരുക്കി ശംഖുംമുഖവും ഇത്തവണ ഓണാഘോഷത്തിനൊരുങ്ങുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പാലോട് രവി എം.എല്‍.എ. പറഞ്ഞു. 26ന് മന്നാര്‍കുടി വാസുദേവനും സംഘവും അവതരിപ്പിക്കുന്ന ലയതരംഗ്, 27ന് സിയ ഉള്‍ ഹക്ക്, ജനാര്‍ദ്ദനന്‍ പുതുശ്ശേരി, ആറ്റുകാല്‍ ബാലസുബ്രമണ്യം എന്നിവരുടെ നാദതാളലയം മ്യൂസിക്കല്‍ ഫ്യൂഷന്‍, 28ന് മജീഷ്യന്‍ സാമ്രാജിന്റെ മെഗാ മാജിക് പ്രോഗ്രാം, 29ന് മലയാളം തിയേറ്ററിക്കല്‍ ആന്‍ഡ് ഹെറിറ്റേജ് ആര്‍ട്ട്‌സ് അവതരിപ്പിക്കുന്ന സര്‍ഗകേരളം കാവ്യരംഗ ശില്പം, 30 ന് ദേവദാസും ലീലാ ജോസഫും ചേര്‍ന്നവതരിപ്പിക്കുന്ന മെലഡി നൈറ്റ് എന്നിവയാണ് ശംഖുംമുഖത്തെ പ്രധാന കലാപരിപാടികള്‍.
നാടുകാക്കാന്‍ നല്ലോണം-ട്രിബ്യൂട്ട് ടു ജവാന്‍സ്, ഓണസന്ധ്യ, ഓണത്തബുരു, ഓണസമൃദ്ധി, പൊന്നോണക്കാലം, ഓണ എക്‌സ്ട്രീം എന്നീ വിഷയങ്ങളിലൂന്നി വിവിധ മാധ്യമസ്ഥാപനങ്ങള്‍ ഒരുക്കുന്ന മെഗാഷോകളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുക. ജി. വേണുഗോപാല്‍, അനില്‍ ബാജ്‌പേയി തുടങ്ങിയവരുടെ ഗാനങ്ങളും ഗോപിനാഥ് മുതുകാടിന്റെ മാജിക്കും കിരണ്‍ മാസ്റ്റര്‍ നയിക്കുന്ന ഡാന്‍സുമാണ് 26ന് ആസ്വാദകരെ വരവേല്‍ക്കുക. അഫ്‌സല്‍, നാദിര്‍ഷ എന്നിവരുടെ ഗാനപരിപാടികളും സ്‌പൈസി ഗേള്‍സ് ബാംഗ്ലൂര്‍, കോമഡി സ്റ്റാര്‍ കൊച്ചിന്‍ ട്രൂപ്പുകളുടെ കലാപ്രകടനവും രണ്ടാം ദിവസം ഒരുക്കിയിട്ടുണ്ട്. 28ന് നജീം അര്‍ഷാദ്, ജാനകി തുടങ്ങിയവരുടെ ഗാനവിരുന്നും സുനീഷ് വാരനാടിന്റെ ഹാസ്യപരിപാടിയും ലിംബോ ചെന്നൈ അവതരിപ്പിക്കുന്ന ഫയര്‍ഡാന്‍സും നടക്കും.
നാലാം ദിവസം കോടമ്പാക്കം ബാന്‍ഡിനൊപ്പമുള്ള നരേഷ് അയ്യരുടെ പ്രകടനവും സജ്‌ന നജാമും സംഘവും അവതരിപ്പിക്കുന്ന നൃത്തവും വേദിയിലെത്തും. സ്റ്റീഫന്‍ ദേവസ്സി, വിധു പ്രതാപ്, സയനോര എന്നിവര്‍ അണിനിരക്കുന്ന സംഗീത പരിപാടിയും റംസാന്‍ അവതരിപ്പിക്കുന്ന ഡാന്‍സും മഞ്ജുപിള്ളയുടേയും സംഘത്തിന്റേയും ഹാസ്യപരിപാടിയും 30ന് ഒരുക്കിയിട്ടുണ്ട്. വിനീത് ശ്രീനിവാസനും ബാന്റും അവതരിപ്പിക്കുന്ന പരിപാടി 31ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
പബ്ലിക് ഓഫീസ് പരിസരത്തും പൂജപ്പുര മൈതാനത്തും ഗാനമേള നടക്കും. ഭാരത് ഭവനില്‍ ഗാനമേളയും നാടന്‍ കലാരൂപങ്ങളും ഉണ്ടാകും. വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ തുറന്ന വേദിയും കൂത്തമ്പലവും ശാസ്ത്രീയസംഘനൃത്തങ്ങള്‍ക്കും കനകക്കുന്നിലെ സംഗീതിക ശാസ്ത്രീയസംഗീതത്തിനും വേദിയാകും. സത്യന്‍ മെമ്മോറിയല്‍ ഹാളില്‍ മാജിക്കും ഹാസ്യപരിപാടികളും നടക്കുമ്പോള്‍ ഗാന്ധിപാര്‍ക്കില്‍ കഥാപ്രസംഗം നടക്കും.
മ്യൂസിയം പരിസരത്ത് എല്ലാ ദിവസവും കളരിപ്പയറ്റ്, തീര്‍ഥപാദ മണ്ഡപത്തില്‍ കഥകളി, അക്ഷരശ്ലോകം, കൂത്ത്, കൂടിയാട്ടം തുടങ്ങിയവയുമാണുള്ളത്. സോപാനം, സൂര്യകാന്തി മിനി സ്റ്റേജ്, തിരുവരങ്ങ്, നാട്ടരങ്ങ് എന്നീ വേദികളില്‍ നാടന്‍കലാരൂപങ്ങളും കനകക്കുന്നിലെ അകത്തളത്തില്‍ ചിത്രപ്രദര്‍ശനവും നടക്കും.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയേഴ്‌സ് ഹാള്‍ നാടകത്തിനും വി.ജെ.ടി. ഹാള്‍ കവിയരങ്ങ്, നാടകം എന്നിവയ്ക്കും കനകക്കുന്ന് ഗേറ്റ് വാദ്യമേളങ്ങള്‍ക്കും വേദിയാകും. പുരാതന വാദ്യോപകരണങ്ങളുടെ പ്രദര്‍ശനം മ്യൂസിയം ഹാളില്‍ നടക്കും. നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം, മുടവൂര്‍പ്പാറ ബോട്ട് ക്ലബ് പരിസരം, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ് , പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല എന്നിവിടങ്ങളിലും വിവിധ പരിപാടികള്‍ നടക്കും.
നഗരത്തില്‍ ഊഞ്ഞാലുകള്‍ ഒരുക്കുന്നതിനൊപ്പം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഗവ. വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ 26ന് അത്തപ്പൂക്കള മത്സരവും വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി 27ന് തിരുവാതിരകളി മത്സരവും സംഘടിപ്പിക്കും. സൂര്യഗാന്ധിയില്‍ ഭക്ഷ്യമേളയും വ്യാപാരമേളയും എക്‌സിബിഷനും സംഘടിപ്പിക്കും. ഇത്തവണയും കനകക്കുന്നില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കും സജ്ജീകരിക്കുന്നുണ്ട്.
ഡിസ്ട്രിക് ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനതല ഓണാഘോഷത്തിന് പുറമേ തിരുവനന്തപുരത്ത് ഡി.ടി.പി.സി.യുടെ ആഭിമുഖ്യത്തില്‍ വര്‍ക്കല, ചിറയിന്‍കീഴ്, അരുവിക്കര, നെയ്യാര്‍ഡാം, കോവളം എന്നീ കേന്ദ്രങ്ങളിലായി വിവിധ കലാപരിപാടികള്‍ നടക്കും.
27 ന് പ്രവാസികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് ഒരുദിവസം മാറ്റിവെച്ചിട്ടുണ്ട്. ശാസ്ത്രീയസംഗീതം, ശാസ്ത്രീയനൃത്തം എന്നിവ അവതരിപ്പിക്കുന്നതിനാണ് അവസരം ലഭിക്കുക.
31 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെയുള്ള വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ഈ വര്‍ഷത്തെ ഓണം വാരാഘോഷങ്ങള്‍ക്ക് സമാപനമാകും. ഇന്ത്യയുടേയും കേരളത്തിന്റേയും വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢസേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കുന്നുണ്ട്.
പത്രസമ്മേളനത്തില്‍ ഓണാഘോഷ ലഘുലേഖയുടെ പ്രകാശനവും ടൂറിസം വകുപ്പ് തയ്യാറാക്കിയ ഓണ വീഡിയോയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഡയറക്ടര്‍ പി.ഐ.ഷെയ്ക് പരീത്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ടി.വി.അനുപമ എന്നിവരും പങ്കെടുത്തു.

More Citizen News - Thiruvananthapuram