പിഞ്ചുകുഞ്ഞിന്റെ മരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി അടിച്ച് തകര്‍ത്തു

Posted on: 21 Aug 2015തിരുവല്ലം: ചികിത്സാ പിഴവ് മൂലം പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചുവെന്നാരോപിച്ച് ബന്ധുക്കള്‍ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രി അടിച്ചുതകര്‍ത്തു. അമ്പലത്തറ കല്ലടിമുഖം സ്വദേശികളായ ഹരിലാല്‍-നിഷ ദമ്പതിമാരുടെ കുഞ്ഞായ ദേവദത്തന്റെ (ശ്രീക്കുട്ടന്‍) മരണത്തെ തുടര്‍ന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിയിലെ കസേരയും ഉപകരണങ്ങളും ഗ്ലാസും അടിച്ചുതകര്‍ത്തത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ കുട്ടിക്കുണ്ടായ ശ്വാസതടസ്സത്തെതുടര്‍ന്നാണ് മരണം സംഭവിച്ചത്. കുട്ടിയുടെ പ്രസവം നടന്നത് അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
എന്നാല്‍ പ്രസവാനന്തരം കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.എ.ടി. ആശുപത്രിയില്‍ തുടര്‍ ചികിത്സയിലായിരിക്കവെയായിരുന്നു മരണം. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി. പ്രസവമെടുത്തതിലുണ്ടായ പിഴവാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്ന് എസ്.എ.ടി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രിയിലെത്തി ഉപരോധവും അക്രമവും നടത്തിയത്. ആക്രമണത്തിനിടയില്‍ ആശുപത്രിയില്‍ രോഗികളെ കാണാനെത്തിയ രണ്ട് പേര്‍ക്കും പരിക്കേറ്റു.
സംഭവത്തെ തുടര്‍ന്ന് ഫോര്‍ട്ട് സി.ഐ. അജിചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ഇരുവിഭാഗത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രിക്കെതിരെയും ആക്രമണം നടത്തിയവരുടെയും പേരില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram