കൈക്കൂലി വാങ്ങുന്നതിനിടെ പാങ്ങോട് വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

Posted on: 21 Aug 2015കല്ലറ (തിരുവനന്തപുരം): വസ്തു പോക്കുവരവ് ചെയ്യുന്നതിന് വേണ്ടി വീട്ടമ്മയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. നെടുമങ്ങാട് താലൂക്കിലെ പാങ്ങോട് വില്ലേജ് ഓഫീസര്‍ സജിത്ത് എസ്.നായര്‍ (42) ആണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം ശാസ്തമംഗലം ഇടപ്പഴഞ്ഞി സി.എം.എസ്. നഗര്‍ സി-231 ല്‍ താമസിക്കുകയാണ്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി. ആര്‍.മഹേഷ്, സി.ഐ.മാരായ വിനുകുമാര്‍, സജികുമാര്‍, ഉജ്ജ്വല്‍കുമാര്‍, ശശാങ്കന്‍ എന്നിവരുടെ സംഘമാണ് ഇന്നലെ രാവിലെ ഓഫീസില്‍ നിന്ന് സജിത്ത് എസ്.നായരെ പിടികൂടിയത്. കല്ലറ സ്വദേശിയായ ഉഷാകുമാരി എന്ന വീട്ടമ്മ മകള്‍ ആശയ്ക്ക് 60 സെന്റ് വസ്തുവില്‍ 30 സെന്റ് ധനനിശ്ചയ ആധാരം വഴി കൊടുത്തു. ഇതിന്റെ പോക്കുവരവിനാണ് കൈക്കൂലി ചോദിച്ചുവാങ്ങിയത്. അപേക്ഷ നല്‍കിയപ്പോള്‍ തന്നെ 2500 രൂപ ചോദിച്ചിരുന്നുവത്രെ. ആദ്യപടിയായി 300 രൂപ നല്‍കി. പിന്നീട് ബാക്കി തരണമെന്ന് വില്ലേജ് ഓഫീസര്‍ നിര്‍ബന്ധം പിടിച്ചതായി ഉഷാകുമാരിയും ആശയും പറയുന്നു. ബുദ്ധിമുട്ട് പറഞ്ഞപ്പോള്‍ 1500 വേണമെന്നായി. നടപടി പൂര്‍ത്തിയാക്കിയ ശേഷം പലവട്ടം രൂപയുമായി വരാന്‍ ഓഫീസര്‍ വിളിച്ചു. ഇത് ഫോണില്‍ റെക്കോഡ് ചെയ്തു വെച്ചശേഷം ഉഷാകുമാരിയും ആശയും വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇവര്‍ പറഞ്ഞത് ശരിയാണന്ന് ഉറപ്പുവരുത്തിയശേഷം ഇന്നലെ അടയാളപ്പെടുത്തിയ നോട്ടുമായി വിജിലന്‍സ് ഇവരെ ഓഫീസറുടെ അടുത്തേക്ക് വിടുകയും പിടികൂടുകയുമായിരുന്നു. കേസെടുത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി. പറഞ്ഞു.

More Citizen News - Thiruvananthapuram