സഹ്യപര്‍വത സംരക്ഷണ സമരം ശക്തമായി

Posted on: 21 Aug 2015വെള്ളറട: സഹ്യപര്‍വത മലനിരകളെ ഖനനമാഫിയകളില്‍ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണസമിതി പ്രവര്‍ത്തകര്‍ കൂതാളിയില്‍ ആരംഭിച്ച റിലേസമരം വിവിധ സംഘടനകളുടെ പിന്തുണയോടെ ശക്തമായി. 28 ദിവസമായി തുടരുന്ന സമരത്തില്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരും മദ്യനിരോധനസമിതിയും വിവിധ സന്നദ്ധസംഘടനകളും അണിനിരന്നു.
കഴിഞ്ഞദിവസം മലനിരകള്‍ക്ക് സമീപം എത്തിയ ഖനനമാഫിയകളുടെ ആള്‍ക്കാരെ സമിതിപ്രവര്‍ത്തകരും നാട്ടുകാരും തടഞ്ഞത് നേരിയതോതില്‍ വാക്കേറ്റത്തിന് ഇടയാക്കി. പിന്നീട് ഇരുസംഘങ്ങളും പിരിഞ്ഞു. വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ സഹ്യപര്‍വതശിഖരങ്ങളായ കൂനിച്ചി-കൊണ്ടകെട്ടി മലയടിവാരവും മണലി-കലപ്പക്കോണം, കള്ളിമൂട്-മീതി മലനിരകളുമാണ് ഖനനലോബികള്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിലേയ്ക്കായി ഏക്കറ് കണക്കിന് വസ്തു വാങ്ങികൂട്ടിയിട്ടുണ്ട്.
ഇവിടെ ഖനനം സാധ്യമായാല്‍ ഏറെ പാരിസ്ഥിതിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് സമരക്കാര്‍ പറയുന്നു. മലനിരകള്‍ ഇല്ലാതാകുന്നതോടെ ഈ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാകും. തുടര്‍ന്നാണ് സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്.
സമരത്തിന്റെ പ്രചാരണം കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ഞായറാഴ്ച രാവിലെ മുതല്‍ മൂന്നിടത്ത് നിന്ന് പദയാത്രകള്‍ സംഘടിപ്പിക്കും. മരപ്പാലം, കോവില്ലൂര്‍, കള്ളിമൂട് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന പദയാത്രകള്‍ വൈകീട്ട് വെള്ളറടയില്‍ സമാപിക്കും.

More Citizen News - Thiruvananthapuram