കോളേജുതല അന്വേഷണത്തിന് സമിതി

Posted on: 21 Aug 2015കഴക്കൂട്ടം: തിരുവനന്തപുരം എന്‍ജിനിയറിങ്ങ് കോളേജ് കാമ്പസ്സിനുള്ളില്‍ വീണ്ടും ഒരപകടത്തിനിടയാക്കിയതില്‍ അധികൃതരുടെയും അനാസ്ഥയുണ്ടെന്ന് പരാതി.
2002ല്‍ സി.ഇ.ടി. കാമ്പസിനുള്ളില്‍ അമിതവേഗത്തില്‍ വന്ന ബൈക്കിടിച്ച് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന കണ്ണമ്മൂല സ്വദേശിനി അമിത ശങ്കര്‍ മരിച്ചിരുന്നു. കോേളജിലെ വിദ്യാര്‍ഥികള്‍തന്നെയാണ് ബൈക്കോടിച്ചിരുന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും കാമ്പസിനുള്ളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ കയറ്റുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതാണ്. ഇരുചക്രവാഹനങ്ങള്‍ ഗേറ്റിന് സമീപംതന്നെ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ കുറേനാളുകളായി സി.ഇ.ടി.യില്‍ ഇതൊന്നും നടപ്പാക്കിയിരുന്നില്ലെന്ന് വിദ്യാര്‍ഥിനികള്‍തന്നെ പറയുന്നു.
ഓണാഘോഷത്തിന് മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്നും വാഹനങ്ങള്‍ കയറ്റാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നുമാണ് അധികൃതരുടെ വാദം. എന്നാല്‍, അപകടത്തില്‍പ്പെട്ട ജീപ്പ് മാത്രമല്ല, നിരവധി ഇരുചക്ര വാഹനങ്ങളും 'ചെകുത്താന്‍' എന്ന് ബോര്‍ഡെഴുതിയ ലോറിയും ഘോഷയാത്രയിലുണ്ടായിരുന്നു. എല്ലാ വാഹനങ്ങളിലും അമിതമായി വിദ്യാര്‍ഥികളും ഉണ്ടായിരുന്നു.
പ്രധാന രണ്ട് ഗേറ്റിലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നിട്ടും ഇവയെല്ലാം കാമ്പസിനകത്തേക്ക് കയറ്റിവിടുകയായിരുന്നു. സി.സി.ടി.വി. കാമറകളും സ്ഥാപിച്ചിരുന്നു. ഘോഷയാത്ര കടന്നുപോകുന്ന ദൃശ്യങ്ങള്‍ ഈ കാമറകളിലും ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ഥികള്‍ പുറത്തേക്കുപോകുന്ന സമയത്ത് ഇത്തരം ഒരു ആഘോഷത്തിന് അനുമതി നല്‍കിയതും പരാതികള്‍ക്കിടയാക്കിയിട്ടുണ്ട്. കുട്ടികള്‍ തിങ്ങിനിറഞ്ഞ് പുറത്തേക്ക് പോകുന്നതിനിടെയാണ് വാഹനങ്ങള്‍ ഇടുങ്ങിയ റോഡിലേക്ക് ചെന്നുകയറിയത്. അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നെന്നും അത് അന്വേഷിക്കണമെന്നും വിദ്യാര്‍ഥിനിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പട്ടിട്ടുണ്ട്. തസ്‌നിയെ ഇടിച്ചിട്ട ശേഷം മുന്നോട്ടുനീക്കി നിര്‍ത്തിയ വാഹനത്തില്‍നിന്ന് ഡ്രൈവര്‍ അടക്കമുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു. മിനുട്ടുകള്‍ക്കകം ഘോഷയാത്രയിലുണ്ടായിരുന്ന രണ്ട് ജീപ്പുകള്‍ സ്ഥലത്തുനിന്ന് മാറ്റി ഒളിച്ചിടുകയും ചെയ്തു. ഒരെണ്ണം പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
രേഖകളില്ലാത്ത ഇത്തരം നിരവധി വാഹനങ്ങള്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍പരിസരത്ത് സ്ഥിരമായി കാണാറുണ്ടെന്ന് നാട്ടുകാരും പറയുന്നു.

കഴക്കൂട്ടം:
തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് കാമ്പസില്‍ നടന്ന അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിക്കും. എന്നാല്‍, സമിതി അംഗങ്ങളെ തീരുമാനിച്ചിട്ടില്ല. അപകടത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികളും മറ്റ് നടപടികളും യോഗം വിലയിരുത്തി.
ആഘോഷത്തിന് അനുമതി വാങ്ങിയെങ്കിലും നിര്‍ദ്ദേശങ്ങള്‍ മറികടന്നെന്ന് കണ്ടെത്തിയതിന്റെ പേരിലാണ് 12 പേരെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
രണ്ടാഴ്ചയ്ക്കകം അപകടം സംബന്ധിച്ച് സമതി റിപ്പോര്‍ട്ട് നല്‍കണം.

More Citizen News - Thiruvananthapuram