ഓണം വിപണികള്‍ സജീവമായി

Posted on: 21 Aug 2015തിരുവനന്തപുരം: വിലക്കുറവും സബ്‌സിഡിയും ഓഫറുകളുമായി ഓണം വിപണി സജീവമാകുന്നു. പൊതുവിപണിയിലെ വിലയില്‍നിന്ന് പത്ത് മുതല്‍ മുപ്പത് ശതമാനം വരെ സബ്‌സിഡിയാണ് സര്‍ക്കാര്‍ മേളകളില്‍ നല്‍കുന്നത്. സപ്ലൈകോയുടെ കൂടാതെ കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണിയും മേള ഒരുക്കിയിട്ടുണ്ട്. പച്ചക്കറിക്കായി ഹോര്‍ട്ടികോര്‍പ്പും മേള ആരംഭിച്ചുകഴിഞ്ഞു. പുത്തരിക്കണ്ടത്ത് നടക്കുന്ന സപ്ലൈകോ ഓണം മെട്രോ പീപ്പിള്‍സ് ബസാറില്‍ ദിവസേന നാലരലക്ഷത്തോളം രൂപയുടെ വിപണനമാണ് നടക്കുന്നത്. പതിമൂന്ന് ഇനങ്ങളാണ് ഇവിടെ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. മല്ലിയും മുളകും അരക്കിലോ വീതവും മറ്റുള്ളവ ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെയുമാണ് നല്‍കുന്നത്. 25 ഇനങ്ങള്‍ ബസാറില്‍ ലഭിക്കും. ആഗസ്ത് 24 വരെ സൗജന്യ ബി.പി.എല്‍. കിറ്റുകള്‍ വിതരണം ചെയ്യും.
അനിയന്ത്രിതമായ വിലക്കയറ്റത്തില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസകരമായാണ് ഓണം വിപണനമേളകള്‍ ആരംഭിച്ചിരിക്കുന്നത്. പലചരക്ക്, പഴം, പച്ചക്കറി എന്നിവയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. ഓണക്കാലം അടുത്തതോടെ മിക്ക സാധനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറിസ്റ്റാളും സപ്ലൈകോയുടെ മേളയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുവിപണിയേക്കാള്‍ മുപ്പത് ശതമാനം വിലക്കുറവിലാണ് പച്ചക്കറികള്‍ നല്‍കുന്നത്.
കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി മേളയില്‍ ഇരുപത് ശതമാനം മുതല്‍ നാല്‍പ്പത് ശതമാനം വരെ സബ്‌സിഡി നിരക്കിലാണ് സാധനങ്ങള്‍ ലഭിക്കുന്നത്. സ്റ്റാച്യു, മണക്കാട്, കേശവദാസപുരം, വെള്ളയമ്പലം, പേരൂര്‍ക്കട എന്നിവിടങ്ങളിലാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം മേള. ആഗസ്ത് 27ന് മേളകള്‍ സമാപിക്കും.
സപ്ലൈകോ വിലയും ബ്രാക്കറ്റില്‍ പൊതുവിപണി വിലയും.
സബ്‌സിഡി ജയ അരി 5 രൂപ, സബ്‌സിഡി ഇല്ലാത്ത ജയ അരി 27 (35)രൂപ, മട്ട സബ്‌സിഡി 24, സബ്‌സിഡി ഇല്ലാതെ 25, സപ്ലൈകോ ആട്ട 15, തേയില 34.25, വെളിച്ചെണ്ണ ഒരു ലിറ്റര്‍ 110(160), ചെറുപയര്‍ 74(112), വന്‍പയര്‍ 45(85), തുവര പരിപ്പ് 65(130), പഞ്ചസാര 22 (32), മുളക് 74(140), പൊടിഉപ്പ് 7.50 (12).
ഹാന്റക്‌സ്, ഹാന്‍വീവ് എന്നിവയ്ക്ക് 20-30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് നല്‍കുന്നുണ്ട്. വസ്ത്രശാലകള്‍, ഗൃഹോപകരണ സ്ഥാപനങ്ങള്‍ തുടങ്ങി ഒട്ടുമിക്ക സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓണം ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന വസ്ത്രശാലകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവ കൂടാതെ വിവിധ സ്ഥാപനങ്ങളും നഗരത്തില്‍ ഓണം മേളകള്‍ ആരംഭിച്ചിട്ടുണ്ട്. ഓണത്തിരക്ക് ആരംഭിച്ചതോടെ നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്. ഇടയ്ക്ക് പെയ്യുന്ന മഴ കച്ചവടത്തെ ബാധിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

More Citizen News - Thiruvananthapuram