അമ്മയുടെ മരണമറിഞ്ഞുള്ള യാത്ര അന്ത്യയാത്രയായി

Posted on: 21 Aug 2015നേമം: അമ്മയുടെ മരണമറിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട മകളുടെയും ഭര്‍ത്താവിന്റെയും യാത്ര അന്ത്യയാത്രയായത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇരട്ടി ദുഃഖമായി. ഇടുക്കി ഏലാപ്പാറ ചിന്നാറില്‍െവച്ചാണ് കരുമം ആഴാങ്കല്‍ ഉത്രാടം വീട്ടില്‍ പ്രദീപ്കുമാറും ഭാര്യ വിജയശ്രീയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. വിജയിശ്രീയുടെ അമ്മ കൃഷ്ണമ്മയുടെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാനാണ് മകനുമടങ്ങിയ കുടുംബം ബുധനാഴ്ച വൈകുന്നേരം യാത്രതിരിച്ചത്. മകന്‍ അഖില്‍ പ്രദീപാണ് കാര്‍ ഓടിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം 3.25നായിരുന്നു വിജയശ്രീയുടെ അമ്മയുടെ മരണം. ഇതറിഞ്ഞ് വൈകുന്നേരം 5ന് പ്രദീപ്കുമാറും കുടുംബവും വീട്ടില്‍നിന്ന് പുറപ്പെടുകയായിരുന്നു. രാത്രി 11.15 ഓടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. അമ്മയുടെ ശവസംസ്‌കാരച്ചടങ്ങ് വ്യാഴാഴ്ച ഉച്ചയ്ക്ക് നടത്താനിരുന്നതാണ്. വിജയശ്രീയുടെ മരണവാര്‍ത്തയറിഞ്ഞ് ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. ഇനി മൂന്നുപേര്‍ക്കും വ്യാഴാഴ്ച രാത്രി വീട്ടുവളപ്പില്‍ അടുത്തടുത്ത് ചിതയൊരുങ്ങും. എം.ബി.എ.യ്ക്ക് അഡ്മിഷന്‍ കിട്ടി പ്രദീപ്കുമാറിന്റെ ഇളയ മകന്‍ അമല്‍ പ്രദീപ് പഞ്ചാബില്‍ ആയിരുന്നതിനാല്‍ ഇവരോടൊപ്പമില്ലായിരുന്നു. ദുബായിലായിരുന്ന അമല്‍ പ്രദീപ് അടുത്തിടെയാണ് പഞ്ചാബിലെത്തിയത്. മരണവിവരമറിഞ്ഞ് ഇന്ന് ഉച്ചയോടെ അമല്‍ പ്രദീപ് ഇടുക്കിയിലെ കുടുംബവീട്ടിലെത്തി. കൃഷ്ണമ്മയുടെ ആറ് മക്കളില്‍ നാലാമത്തെയാളാണ് വിജയശ്രീ. അപകടത്തില്‍ പരിക്കേറ്റ അഖില്‍ പ്രദീപ് എം.ടെക്. വിദ്യാര്‍ഥിയാണ്. ഒന്നര വര്‍ഷം മുമ്പാണ് കരുമത്ത് ഐശ്വര്യ ഹോം വില്ലയില്‍ പ്രദീപ് കുമാറും കുടുംബവും താമസമായത്. ബുധനാഴ്ച പുറപ്പെടുമ്പോള്‍ അയല്‍പക്കത്തെ വീട്ടുകാരോട് യാത്രപറഞ്ഞാണ് ഇറങ്ങിയത്. പ്രദീപ് കുമാര്‍ അടുത്തയാഴ്ച ആഴാങ്കലില്‍ ഒരു ബിസിനസ് സ്ഥാപനം തുടങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്.

More Citizen News - Thiruvananthapuram