വിമാനത്താവളത്തിലെ ഐ.എല്‍.എസ്. സംവിധാനം സജ്ജമാക്കല്‍ വൈകും

Posted on: 21 Aug 2015തിരുവനന്തപുരം: മഞ്ഞും മഴയുമുള്ള പ്രതികൂല കാലാവസ്ഥയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങാനുള്ള യന്ത്രസംവിധാനം ഇനിയും വൈകും. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ വിമാനമിറക്കല്‍ ദുഷ്‌കരമാകാനാണ് സാദ്ധ്യത. റണ്‍വേ കാണാതെതന്നെ വിമാനങ്ങള്‍ക്ക് നിലത്തിറങ്ങാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റഡ് ലാന്‍ഡിങ് സംവിധാനമാണ് വൈകുന്നത്. ഇത് മാറ്റിസ്ഥാപിച്ചെങ്കിലും ഇതിന്റെ ചെറിയ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പിഴവ് കാരണമാണ് ചൊവ്വാഴ്ച രാവിലെയെത്തിയ ജെറ്റ് വിമാനത്തിനും നിലത്തിറങ്ങാനാവാത്ത സ്ഥിതിയുണ്ടായത്. മൂടല്‍മഞ്ഞ് വില്ലനായതോടെ വിമാനത്തിന് ആകാശത്ത് വട്ടംകറങ്ങേണ്ടിവന്നിരുന്നു. ഒടുവില്‍ ഇന്ധനം തീരുമെന്ന അവസ്ഥയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.
പുതുതായി സ്ഥാപിച്ച ഐ.എല്‍.എസ്. എന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സജ്ജമാക്കണമെങ്കില്‍ ഉപകരണത്തിന്റെ ക്ഷമതാപരിശോധന നടത്തേണ്ടതുണ്ട്. ഇതിനായി അതോറിറ്റിയുടെ അത്യാധുനിക സൗകര്യങ്ങളുള്ള 'കാലിബെറേറ്റിങ് വിമാനം' എത്തണം. ഈ വിമാനമെത്തി പലതവണ പറന്ന് ഐ.എല്‍.എസ്സില്‍നിന്നെത്തുന്ന തരംഗങ്ങളുടെ കുറവും കൂടുതലും മനസ്സിലാക്കി ഉപകരണത്തിന്റെ എല്ലാത്തരത്തിലുള്ള പ്രവര്‍ത്തനക്ഷമതയും പരിശോധിക്കേണ്ടതുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഇത്തരത്തിലുള്ള ഒരു വിമാനം മാത്രമേയുള്ളൂവെന്നാണ് സൂചന. അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള എല്ലാ വിമാനത്താവളങ്ങളിലും ഈ സംവിധാനം കാര്യക്ഷമമാക്കാന്‍ കാലിബെറേറ്റിങ് വിമാനം ഉപയോഗിക്കുന്നതിനാല്‍ തിരുവനന്തപുരത്ത് ഉടനെ ഇത് എത്തില്ലെന്നാണ് സൂചന.
ഐ.എല്‍.എസ്. സംവിധാനമാണ് എത്ര കനത്ത മൂടല്‍മഞ്ഞിലും മഴയിലും വിമാനത്തെ സുരക്ഷിതമായി ഇറക്കാന്‍ പൈലറ്റിനെ സഹായിക്കുന്നത്. ആകാശത്ത് 15 കിലോമീറ്ററിന് അകലൈവച്ചുതന്നെ പൈലറ്റിന് കോക്ക്പിറ്റിലെ മോണിറ്ററില്‍ റണ്‍വേയുടെ മധ്യത്തെ ലൈന്‍ ഇലക്ട്രോണിക് ലൈനായി ഇതിലൂടെ കാണാനാകും. ഇതിന് സഹായിക്കുന്നത് റണ്‍വേയുടെ അവസാന അറ്റത്തുള്ള ലോക്കലൈസറും വശത്ത് സ്ഥാപിച്ചിട്ടുള്ള ഗ്ലൈഡ് പാത്ത് എന്ന സംവിധാനങ്ങളുമാണ്. കനത്ത മൂടല്‍മഞ്ഞായാലും 250 അടി ഉയരത്തില്‍നിന്ന് റണ്‍വേയുടെ മധ്യത്തെ ലൈനില്‍ വളരെ കൃത്യമായി 800 മീറ്ററില്‍ സുരക്ഷിതമായി വിമാനമിറക്കാനാവും. ഐ.എല്‍.എസ്. പ്രവര്‍ത്തിക്കാത്ത സമയത്ത് വെരി ഹൈ ഒമ്‌നി റെയ്ഞ്ച് (വി. ആര്‍.ഒ.) എന്ന സംവിധാനത്തിലൂടെയാണ് വിമാനമിറങ്ങുന്നത്. ഈ സംവിധാനം വഴി 2400 അടിയോളം ഉയരത്തിലാണ് വിമാനമിറക്കുക. അതിനാല്‍ വിമാനത്താവളത്തിലെ ഐ.എല്‍.എസ്. സംവിധാനം അടിയന്തരമായി സജ്ജമാക്കേണ്ടതുണ്ട് .

More Citizen News - Thiruvananthapuram