ഗവ. എന്‍ജിനിയറിങ് കോളേജില്‍ സംഘര്‍ഷസാധ്യത; സുരക്ഷ ശക്തമാക്കി

Posted on: 21 Aug 2015തിരുവനന്തപുരം: ശ്രീകാര്യം ഗവ. എന്‍ജിനിയറിങ് കോളേജില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കി. സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി തന്‍സി ബഷീറിന്റെ അപകടത്തെത്തുടര്‍ന്ന് കോളേജ് ഹോസ്റ്റലില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. ഇതിന്റെ പേരില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
പ്രതികളില്‍ ചിലരെ രക്ഷിക്കാനുള്ള രഹസ്യ ചര്‍ച്ചകള്‍ക്കിടെയാണ് ഹോസ്റ്റലില്‍ വാക്കേറ്റമുണ്ടായത്. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്. കോളേജിന്റെ പ്രധാന കവാടത്തിലും പിന്‍ഭാഗത്തും പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. രാത്രികാലങ്ങളില്‍ പട്രോളിങ് ശക്തമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഷാഡോ പോലീസിന്റെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ച കോളേജ് ഓണാവധിക്ക് അടയ്ക്കും. അതുവരെ പോലീസ് പിക്കറ്റിങ് ശക്തമായി തുടരും.
കുറ്റക്കാരെന്ന് സംശയിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്.വെങ്കിടേഷ് അറിയിച്ചു. മെഡിക്കല്‍ കോളേജ് സി.ഐ. ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ഡി.സി.പി. സഞ്ജയ് കുമാര്‍ ഗുരുഡിന്‍ മേല്‍നോട്ടം വഹിക്കും.
ഓണാഘോഷത്തിന്റെ ഭാഗമായി കോളേജ് യൂണിയന്‍ ഭാരവാഹികളില്‍ ചിലരാണ് കാമ്പസില്‍ ജീപ്പും ലോറിയും കൊണ്ടുവന്നത്. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് കോളേജ് അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്. കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുേണ്ടായെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

More Citizen News - Thiruvananthapuram