ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പഞ്ചഗവ്യത്ത് നമ്പി സ്ഥാനമേറ്റു

Posted on: 21 Aug 2015തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പഞ്ചഗവ്യത്ത് നമ്പിയായി കക്കാട് കിഴക്കേയില്ലത്ത് വാരിക്കാട് വാസുദേവന്‍ നാരായണന്‍ പട്ടേരി സ്ഥാനമേറ്റു. വടക്കേ മലബാറിലെ പുല്ലൂര്‍ യോഗസഭയില്‍പ്പെട്ട ഇക്കരദേശി സമുദായാംഗമാണ്. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ മുമ്പ് കീഴ്ശാന്തിയായി ജോലിചെയ്തിട്ടുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്കിലെ മുന്‍ ജീവനക്കാരനാണ്. ഭാര്യ സാവിത്രി അന്തര്‍ജനം. മകള്‍: വീണ.
തന്ത്രി പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദീക്ഷാകലശവും പൂജകളും കലശാഭിഷേകവും നടത്തിയ ശേഷമാണ് സ്ഥാനാരോഹണം നടന്നത്. പടിഞ്ഞാറേമഠം സ്വാമിയാരായ നീലകണ്ഠഭാരതിയില്‍നിന്ന് നിയുക്ത നമ്പി ഓലക്കുട വാങ്ങി. മിത്രാനന്ദപുരം കുളത്തില്‍ കുളിച്ച് ക്ഷേത്രത്തിലെത്തി തന്ത്രിക്ക് ദക്ഷിണ നല്‍കി. തുടര്‍ന്ന് തന്ത്രിക്ക് വസ്ത്രവും ദക്ഷിണയും നല്‍കി മൂലമന്ത്രം സ്വീകരിച്ചു. നിലവിലെ പഞ്ചഗവ്യത്ത് നമ്പി ഉപ്പാര്‍ണ്ണം നരസിംഹന്‍ കുമാറിന് പെരിയ നമ്പിയായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.
പോറ്റിമാരായ നെയ്തശേരി മഠം, കൂപക്കര മഠം, കൊല്ലൂര്‍ അത്തിയറമഠം, ശ്രീകാര്യത്ത് മഠം, അഴകത്ത് കുറുപ്പ്, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുരേഷ്ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു

More Citizen News - Thiruvananthapuram