നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ഏഴ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഒരു ഡോക്ടര്‍പോലുമില്ല

Posted on: 21 Aug 2015ജനറല്‍ ആശുപത്രിയെന്നത് പേരില്‍ മാത്രം


നെയ്യാറ്റിന്‍കര:
ജനറല്‍ ആശുപത്രിയായി ഉയര്‍ത്തി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നെയ്യാറ്റിന്‍കര ആശുപത്രിയില്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഡോക്ടര്‍മാരില്ല. കാര്‍ഡിയോളജി, നെഞ്ചുരോഗം എന്നിവ ഉള്‍പ്പെടെ ഏഴ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഒരു ഡോക്ടറുടെയും സേവനംപോലും ഇല്ല. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുമ്പോള്‍ 93 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഇപ്പോള്‍ ഉള്ളത് 29 പേര്‍ മാത്രം.
2013 നവംബറിലാണ് ഇത് ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയത്. പുതുതായി ഡോക്ടറുടെയോ മറ്റ് അനുബന്ധ ജീവനക്കാരുടെയോ ഒരു തസ്തികപോലും സൃഷ്ടിക്കാതെയാണ് ജനറല്‍ ആശുപത്രിയാക്കിയത്. ജില്ലാ ആശുപത്രിക്ക് ആവശ്യമായി വേണ്ട ഡോക്ടര്‍മാരോ, നഴ്‌സുമാരോ, പാരാമെഡിക്കല്‍ ജീവനക്കാരോ ഇപ്പോള്‍ ഇവിടെയില്ല.
ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുമ്പോള്‍ 93 ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്നാണ്. എന്നാല്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ അനുവദിച്ചിട്ടുള്ളത് 32 ഡോക്ടര്‍മാരുടെ തസ്തിക മാത്രമാണ്. ഇതില്‍ മൂന്ന് ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഫലത്തില്‍ സൂപ്രണ്ടും ആര്‍.എം.ഒ.യും ഉള്‍പ്പെടെ 29 ഡോക്ടര്‍മാരേ ഇപ്പോഴുള്ളൂ.
ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുമ്പോള്‍ എല്ലാ വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. എന്നാല്‍ കാര്‍ഡിയോളജി ഉള്‍പ്പെടെ ഏഴ് സ്‌പെഷ്യലിസ്റ്റ് വിഭാഗങ്ങളില്‍ ഡോക്ടര്‍മാരില്ല. കാര്‍ഡിയോളജി, സൈക്യാട്രി, ഗ്യാസ്‌ട്രോ, ന്യൂറോ മെഡിസിന്‍, നെഫ്രോളജി, യൂറോളജി, നെഞ്ച് രോഗം എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരില്ല. അനസ്‌ത്യേഷ്യ നല്‍കാന്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഇദ്ദേഹം അവധിയിലായാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കുകയാണ് പതിവ്. നാല് അനസ്‌ത്യേഷ്യ ഡോക്ടര്‍മാര്‍ വേണ്ടിടത്താണ് ഒരാളെവെച്ച് ജോലി ചെയ്യിപ്പിക്കുന്നത്.
ജില്ലയിലെ ഗ്രാമമേഖലയിലെ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ പ്രസവ ശുശ്രൂഷ നടത്തുന്നത് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ്. എന്നാലിവിടെ ഒരു ഗൈനക്കോളജിസ്റ്റ് മാത്രമാണുള്ളത്. രണ്ടുപേരെ മറ്റ് ആശുപത്രികളില്‍ നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തില്‍ എത്തിച്ചാണ് പ്രസവ ശുശ്രൂഷ നടത്തുന്നത്. നാല് ഗൈനക്കോളജിസ്റ്റുകളെ നല്‍കണമെന്ന ആവശ്യത്തിന് മുന്നില്‍ ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇപ്പോഴുള്ള 29 ഡോക്ടര്‍മാരില്‍ 18 പേര്‍ മാത്രമാണ് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരായുള്ളത്. ബാക്കിയുള്ള 11 ഡോക്ടര്‍മാരില്‍ സൂപ്രണ്ടും ആര്‍.എം.ഒ.യുമൊഴിച്ചുള്ളവരുടെ സേവനം മാത്രമേ രോഗീപരിചരണത്തിനായി ലഭിക്കൂ. ദിവസവും ആയിരത്തിയഞ്ഞൂറിനും രണ്ടായിരത്തിനുമിടയില്‍ രോഗികളാണ് ഒ.പി.യില്‍ പരിശോധനയ്ക്കായി എത്തുന്നത്. മതിയായ ഡോക്ടര്‍മാര്‍ ഇല്ലാത്തതിന്റെ പേരില്‍ പലപ്പോഴും തിരക്ക് പതിവാണ്.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ അമ്മയും കുഞ്ഞും വിഭാഗത്തിനായി പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനകം ഈ വിഭാഗം തുടങ്ങാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. എന്നാല്‍ ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലായി ആറ് ഡോക്ടര്‍മാരുടെ ഒഴിവാണ് ഉള്ളത്. ഈ വിഭാഗങ്ങളിലും മതിയായ ഡോക്ടര്‍മാരില്ല.

More Citizen News - Thiruvananthapuram