ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കടുശര്‍ക്കരക്കൂട്ട് പൂര്‍ത്തിയായി

Posted on: 21 Aug 2015* സപ്തംബര്‍ രണ്ട് മുതല്‍ ദര്‍ശനസമയത്തില്‍ മാറ്റം


തിരുവനന്തപുരം:
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള കടുശര്‍ക്കരയോഗക്കൂട്ട് പൂര്‍ത്തിയായതായി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജൂലായ് 5ന് ആരംഭിച്ച കൂട്ടുനിര്‍മാണം വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്. വിശേഷാല്‍ താന്ത്രികവിധിപ്രകാരം തയ്യാറാക്കിയ കൂട്ടിലേക്ക് സ്വര്‍ണവും വെള്ളിയും ചേര്‍ത്തു. വ്യാഴാഴ്ചയാണ് അഞ്ച് ഘട്ടങ്ങളായി കൂട്ടുനിര്‍മാണം പൂര്‍ത്തിയായത്.
സപ്തംബര്‍ രണ്ട് മുതല്‍ മൂലവിഗ്രഹത്തില്‍ കടുശര്‍ക്കരക്കൂട്ട് ലേപനംചെയ്ത് തുടങ്ങും. പൂര്‍ത്തിയാകാന്‍ ഒരുമാസം വേണ്ടിവരും. വിഗ്രഹത്തിലെ സ്വര്‍ണത്തിലും വെള്ളിയിലുമുള്ള ആടയാഭരണങ്ങള്‍ നീക്കംചെയ്ത ശേഷമാണ് കടുശര്‍ക്കരയോഗക്കൂട്ട് പതിക്കുന്നത്. ഈ ദിവസങ്ങളില്‍ ദര്‍ശനസമയത്തില്‍ മാറ്റമുണ്ടാകും. സമയക്രമം സംബന്ധിച്ച് അന്തിമതീരുമാനമുണ്ടായിട്ടില്ലെന്നും ഭക്തര്‍ക്ക് പരമാവധി അസൗകര്യമൊഴിവാക്കിയാകും ക്രമീകരണം ഏര്‍പ്പെടുത്തുന്നതെന്നും ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു.
തിരുവോണത്തിന് നേര്‍ച്ചക്കുലസമര്‍പ്പണം നടത്തുന്നതിനുള്ള വിപുലമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. എല്ലാ ദിവസവും നേര്‍ച്ചക്കുല സമര്‍പ്പിക്കാവുന്നതാണ്. തിരുവോണനാളില്‍ കൂടുതല്‍പേര്‍ നേര്‍ച്ച സമര്‍പ്പിക്കാന്‍ എത്താറുണ്ട്. അഭിശ്രവണ മണ്ഡപത്തില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നേര്‍ച്ചവസ്തുക്കളുമായി എത്തുന്നവര്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. തിരുവോണനാളില്‍ രാവിലെ ചക്രാബ്ജപൂജയും ഉച്ചയ്ക്ക് സദ്യയുമുണ്ടാകും. രാത്രി 8ന് ദീപാലങ്കാരത്തോടെ തിരുവോണ ശീവേലി ഉണ്ടാകും. ചിങ്ങമാസത്തില്‍ നടക്കാറുള്ള ഓണവില്ല് സമര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. അനന്തശയനം, ദശാവതാരം, പട്ടാഭിഷേകം, ശ്രീകൃഷ്ണലീല എന്നിവയാണ് ചാര്‍ത്തുന്നത്. ക്ഷേത്രജീവനക്കാരിലെ കലാകാരന്മാരും ഭക്തനജനങ്ങളും ആശാരികുടുംബത്തില്‍ പെട്ടവരും വ്രതശുദ്ധിയോടെ വില്ലുകള്‍ തയ്യാറാക്കുന്നുണ്ട്. വില്ലുകള്‍ തയ്യാറാക്കുന്നതിനുള്ള അവകാശം ഒരു വിഭാഗത്തിന് മാത്രമായി നല്‍കിയിട്ടില്ല. വര്‍ഷങ്ങളായി ക്ഷേത്രത്തിലേക്ക് വില്ല് തയ്യാറാക്കിയിരുന്നവര്‍ ഇത്തവണ കൂടുതല്‍ തുക ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ക്ഷേത്രഭരണസമിതി നിരക്ക് കൂട്ടി പുതിയ കരാര്‍ നല്‍കിയിട്ടും ഓണവില്ല് വരയ്ക്കാന്‍ അവര്‍ തയ്യാറായില്ല. കരാര്‍ നിരസിച്ചു. ഇതുകൊണ്ടാണ് ക്ഷേത്രജീവനക്കാരെയും ഭക്തരെയും ഉള്‍പ്പെടുത്തി ഓണവില്ല് തയ്യാറാക്കുന്നതെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ അല്‍പശി ഉത്സവം ഒക്ടോബര്‍ 13ന് കൊടിയേറി 22ന് ആറാട്ടോടെ സമാപിക്കും. മണ്ണുനീര്‌കോരല്‍ ഏഴിന് നടക്കും. 20ന് വലിയകാണിക്കസമര്‍പ്പണം, 21ന് പള്ളിവേട്ട, 22ന് ആറാട്ട്. വിശേഷാല്‍ പൂജയായ ചക്രാബ്ജപൂജ ക്ഷേത്രത്തില്‍ നടന്നുവരികയാണ്. നേര്‍ച്ചയായി നടത്താനുള്ള അവസരവും ഭക്തര്‍ക്ക് ലഭിക്കും.
കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി, തെക്കുമണ്‍മഠം പ്രദീപ് നമ്പൂതിരി എന്നിവരും പത്രസമ്മേളനത്തില്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram