ശിശുക്ഷേമസമിതിയിലെ ദത്തെടുക്കല്‍: ലക്ഷങ്ങളുടെ കൈക്കൂലി ഇടപാട് നടന്നതായി ജില്ലാ കളക്ടര്‍

Posted on: 21 Aug 2015പുനര്‍ജനിക്കെതിരെ ആരോപണമുയര്‍ത്തിയവര്‍ കളങ്കിതര്‍


തിരുവനന്തപുരം:
ശിശുക്ഷേമസമിതിയില്‍ ദത്തെടുക്കല്‍ നടപടി സുതാര്യമാക്കിയതില്‍ രോഷം പൂണ്ടവരാണ് മാതൃകാപദ്ധതിയായ പുനര്‍ജനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു. ശിശുക്ഷേമസമിതിയുടെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റെടുത്തപ്പോള്‍ തന്നെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ദത്ത് നല്‍കാന്‍ ലക്ഷക്കണക്കിന് രൂപ പലര്‍ക്കും കൈക്കൂലി കൊടുക്കേണ്ടതായി വന്നുവെന്നും എന്നാല്‍ കുട്ടികളെ ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പലരും പരാതി നല്‍കിയിരുന്നു. 2009 മുതല്‍ 2014 വരെ 637 ദമ്പതികളാണ് കുട്ടികളെ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നത്. എന്നാല്‍ ഇവരുടെ സീനിയോറിറ്റിയോ മറ്റ് മാനദണ്ഡങ്ങളോ നോക്കാതെ ഇഷ്ടമുള്ളവര്‍ക്ക് കുട്ടികളെ നല്‍കുക എന്ന രീതിയാണ് ശിശുക്ഷേമസമിതി ഭരണസമിതി അവലംബിച്ചിരുന്നതെന്നും പരാതി ഉയര്‍ന്നു. അനേകം കേരളീയര്‍ കാത്തുനില്‍ക്കുമ്പോള്‍ ജോര്‍ദാനിലെ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തുനല്‍കിയ സംഭവവും സാമ്പത്തികക്രമക്കേടും നടന്നതായി പരാതി ഉയര്‍ന്നതോടെ ഇക്കാര്യം അന്വേഷിക്കാന്‍ സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെടുകയായിരുന്നു.
താന്‍ ചുമതലയേറ്റ ശേഷം സുതാര്യമായ നടപടിക്രമത്തിലൂടെ ദത്തെടുക്കല്‍ നടക്കുകയായിരുന്നുവെന്ന് ബിജുപ്രഭാകര്‍ പറഞ്ഞു. സുതാര്യമായ രീതിയില്‍ കാര്യങ്ങള്‍ നടക്കുമെന്നായപ്പോഴാണ് പുനര്‍ജനി പദ്ധതിയില്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ചിലര്‍ രംഗത്തെത്തിയിരിക്കുന്നതെന്നും ബിജുപ്രഭാകര്‍ ആരോപിച്ചു.
കഴിഞ്ഞ വേനലവധിക്കാലത്ത് ഏപ്രില്‍ 14 മുതല്‍ മെയ് 24 വരെ നടത്തിയ പുനര്‍ജനി ക്യാമ്പ് എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരുന്നു. ചേരിനിവാസികളായ 30 കുട്ടികളും നിര്‍ഭയയിലെ ഒരു കുട്ടിയുമുള്‍പ്പെടെ സമൂഹത്തിലെ പാവപ്പെട്ട കുടുംബത്തിലെ 38 കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിച്ച പദ്ധതിയായിരുന്നു പുനര്‍ജനി. ഈ കുട്ടികളുടെ കുടുംബത്തിലെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍, മെഡിക്കല്‍കോളേജിലെ പ്രൊഫസര്‍മാര്‍, മനഃശാസ്ത്ര വിദഗ്ധര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ക്കുകയും പ്രോജക്ട് തയ്യാറാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ബിജുപ്രഭാകര്‍ പറഞ്ഞു.
പലകാര്യങ്ങളിലും ഉറച്ച തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ പല ലോബികളും തനിക്കെതിരെ തിരിഞ്ഞിട്ടുണ്ടെന്ന് ബിജുപ്രഭാകര്‍ പത്രക്കുറിപ്പിലൂടെ ആരോപിച്ചു.

More Citizen News - Thiruvananthapuram