ബി.എസ്.എന്‍.എല്‍. സമരം: ജില്ലയില്‍ 7000 ഫോണുകള്‍ നിശ്ചലം

Posted on: 21 Aug 2015തിരുവനന്തപുരം: ജീവനക്കാരുടെ സമരവും അധികൃതരുടെ കെടുകാര്യസ്ഥതയും കാരണം ജില്ലയിലെ ബി.എസ്.എന്‍. എല്‍. ഫോണുകളില്‍ ഏഴായിരം ഫോണുകള്‍ നിശ്ചലം. ആകെയുള്ള 2,30,000 ഫോണ്‍ കണക്ഷനുകളിലാണിത്. വ്യാഴാഴ്ചവരെയുള്ള കണക്കാണിത്. രണ്ടുമാസമായി സ്ഥിതി ഇതാണ്.
കൈതമുക്ക് എക്‌സേഞ്ചില്‍ മാത്രം 1200 ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഉപഭോക്താക്കള്‍ നിരന്തരം പരാതിപ്പെട്ടിട്ടും പരിഹരിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. കൈതമുക്കിന് സമീപം റോഡുപണിക്കിടെ കേബില്‍ പൊട്ടിയാണ് ഈ ഭാഗത്തെ ഫോണുകള്‍ നിശ്ചലമായത്. വളരെ നിസാര പണിയായിട്ടും ഇത് പൂര്‍ണമായി പരിഹരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ഫോണുകള്‍ക്കൊപ്പം ബ്രോഡ്ബാന്റും നിശ്ചലമായി. കോടതി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുന്നുണ്ട്.
കരാര്‍ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. 330 രൂപയാണ് കരാര്‍ ജീവനക്കാരുടെ ദിവസവേതനം. ഇത് 430 രൂപയായി വര്‍ധിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് അംഗീകരിക്കാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ പരിഹരിക്കാന്‍ കരാര്‍ ജീവനക്കാര്‍ തയ്യാറാകുന്നില്ല. ഇതോടൊപ്പം എക്‌സിക്യൂട്ടീവ് ജീവനക്കാരും നിസഹകരണ സമരം തുടങ്ങിയത് തകരാറുകളുടെ എണ്ണം വര്‍ധിപ്പിച്ചു. സംഘടനാ നേതാക്കള്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ നിസഹകരണ സമരം നടത്തുന്നത്.
നിരവധി പുതിയ ഓഫറുകളുമായി സ്വകാര്യ ടെലികോം സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമ്പോള്‍ ഉള്ള ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന കാഴ്ചയാണ് ബി.എസ്.എന്‍. എല്ലില്‍ നടക്കുന്നത്. സ്ഥിരമായി പരാതികളും മറ്റും ഉയര്‍ന്നതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ മറ്റ് സേവനദാതാക്കളെ തേടി പോകുകയാണ്. നിരവധിപേര്‍ മറ്റ് കമ്പനികളുടെ സേവനം തേടിപോയതായാണ് ബി.എസ്.എന്‍.എല്‍. കണക്കുകള്‍ വ്യക്തമാക്കുന്നത്. കസ്റ്റമര്‍ സര്‍വീസ് സെന്ററുകളും കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തിക്കാതായതോടെ ഉപഭോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടിലായി.

More Citizen News - Thiruvananthapuram