സഹകരണമേഖലയിലെ നയരൂപവത്കരണം ലക്ഷ്യമിട്ട് കോ- ഓപ്പറേറ്റീവ് വിഷന്‍ -2025 മൂന്നാറില്‍

Posted on: 21 Aug 2015തിരുവനന്തപുരം: മാറുന്ന ലോകത്തിനനുസരിച്ച് സഹകരണമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നയരൂപവത്കരണത്തിനായി 22, 23, 24 തീയതികളില്‍ മൂന്നാറില്‍ കേരളാ കോ-ഓപ്പറേറ്റീവ് വിഷന്‍ -2025 എന്ന പേരില്‍ ശില്പശാല സംഘടിപ്പിക്കുന്നു. സംസ്ഥാന സഹകരണവകുപ്പും ഇടുക്കി ജില്ലാ സഹകരണബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ശില്പശാലയില്‍ മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകാരികള്‍, റിസര്‍വ് ബാങ്ക്, നബാര്‍ഡ്, സംസ്ഥാന സഹകരണ യൂണിയന്‍, ദേശീയ സഹകരണ ഫെഡറേഷനുകള്‍ സംസ്ഥാന- ജില്ലാ സഹകരണബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രതിനിധികള്‍ എന്നിവരടക്കം 1500 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ശില്പശാലയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളില്‍ നിന്നും അവതരിപ്പിക്കുന്ന പ്രബന്ധങ്ങളില്‍ നിന്നും ഉയരുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ഭാവിയിലേക്കുള്ള നയരൂപവത്കരണം നടത്തുകയാണ് വിഷന്‍ 2025 ന്റെ ലക്ഷ്യമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.
ആഗസ്ത് 22ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശില്പശാല ഉദ്ഘാടനം ചെയ്യും. മന്ത്രി പി.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജോയ്‌സ് ജോര്‍ജ് എം.പി., എം.എല്‍.എ.മാരായ എസ്. രാജേന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ഇ.എസ്. ബിജിമോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
23ന് മന്ത്രി കെ.പി. മോഹനന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. മന്ത്രി എ.പി.അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. കേരളത്തിലെ സഹകരണമേഖലയിലെ 140000 കോടി രൂപ വരുന്ന നിക്ഷേപം സംസ്ഥാന വികസനത്തിന് പ്രയോജനപ്പെടുത്താന്‍ മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുന്ന സിമ്പോസിയം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ, ആസൂത്രണബോര്‍ഡ് അംഗം സി.പി.ജോണ്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, സി.പി.എം. നേതാവ് വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
24ന് രാവിലെ ഒന്‍പത് മണിക്ക് മന്ത്രി രമേശ് ചെന്നിത്തല പ്രതിനിധികളോട് സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ മുന്‍മന്ത്രി ജി.സുധാകരന്‍ പ്രസംഗിക്കും. 11.30ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. മന്ത്രി അനൂപ് ജേക്കബ് പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാനും മുന്‍ എം.എല്‍.എ.യുമായ ഇ.എം. അഗസ്തി, സഹകരണവകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.

More Citizen News - Thiruvananthapuram