വികലാംഗ ഉപകരണ നിര്‍മാണകേന്ദ്രം അടച്ചുപൂട്ടലിലേക്ക്

Posted on: 21 Aug 2015തിരുവനന്തപുരം: വികലാംഗര്‍ക്ക് സഹായോപകരണങ്ങള്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ഏകകേന്ദ്രം അടച്ചുപൂട്ടലിലേക്ക്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരും തൊഴില്‍ രഹിതരാകുന്ന അവസ്ഥയിലാണ്.
വഞ്ചിയൂരിനടുത്ത് പാറ്റൂരില്‍ വാടകക്കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വീല്‍ചെയര്‍, ട്രൈസൈക്കിള്‍, ലിംബ്, കാലിപ്പര്‍, ക്രച്ചസ്വാക്കര്‍, പാദരക്ഷകള്‍, എന്നിവയാണ് നിര്‍മിച്ചിരുന്നത്. അംഗപരിമിതരായവര്‍ ഉള്‍പ്പെടെ 15ഓളം ജീവനക്കാര്‍ സ്ഥാപനത്തിലുണ്ട്. മുച്ചക്ര സ്‌കൂട്ടര്‍ പ്രചാരത്തില്‍വന്ന ശേഷം ട്രൈസൈക്കിളിന് ആവശ്യക്കാര്‍ കുറഞ്ഞു. തുടര്‍ന്ന് വീല്‍ചെയര്‍ മാത്രമാണ് ഇവിടെ നിര്‍മിച്ചിരുന്നത്. മൂന്നുമാസമായി ആ നിര്‍മാണവും നിലച്ച അവസ്ഥയിലാണ്. ഉപകരണങ്ങളുടെ നിര്‍മാണത്തിനുള്ള വസ്തുക്കള്‍ കോര്‍പ്പറേഷനില്‍ നിന്നാണ് കേന്ദ്രത്തിന് നല്‍കിയിരുന്നത്. ഇത് നിലച്ചതോടെ നിര്‍മാണം മുടങ്ങി. കേന്ദ്രത്തില്‍ നിന്നുള്ള ഉപകരണങ്ങളുടെ വില്‍പ്പനയും അവസാനിച്ചിരിക്കുകയാണ്. കോര്‍പ്പറേഷനില്‍ മുമ്പ് നിര്‍മിച്ചിരുന്ന വികലാംഗ സഹായ ഉപകരണങ്ങള്‍ ഇപ്പോള്‍ സ്വകാര്യ ഏജന്‍സികളില്‍ നിന്നും ഉയര്‍ന്ന വില നല്‍കി വാങ്ങി വിതരണം ചെയ്യുകയാണ്.
15 കൊല്ലമായി താത്കാലിക ജോലി ചെയ്യുന്നവരാണ് സ്ഥാപനത്തിലുള്ളത്. നിര്‍മാണകേന്ദ്രം പ്രവര്‍ത്തിക്കുന്ന വാടകക്കെട്ടിടം തകര്‍ന്നു വീഴാവുന്ന നിലയിലാണ്.
15 ലക്ഷം വിലയുള്ള ഉപകരണങ്ങള്‍ തുരുമ്പെടുത്തപ്പോള്‍ 52,000 രൂപയ്ക്കാണ് ആക്രിക്കച്ചവടത്തിന് നല്‍കിയത്. ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന വികലാംഗ സഹായ ഉപകരണനിര്‍മാണ കേന്ദ്രം നേരത്തെ പൂട്ടിയിരുന്നു. സര്‍ക്കാര്‍ മേഖലയിലെ അവശേഷിക്കുന്ന കേന്ദ്രവും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്.

More Citizen News - Thiruvananthapuram