യുവസംരംഭകര്‍ക്കായി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ വരുന്നു

Posted on: 21 Aug 2015തിരുവനന്തപുരം: യുവാക്കള്‍ക്ക് ബിസിനസ് സംരംഭം തുടങ്ങണമെന്ന് തോന്നിയാല്‍ ഇനി യുവജനക്ഷേമ ബോര്‍ഡിനെ സമീപിക്കാം. യുവജനങ്ങളെ സ്വയം സംരംഭകരാക്കുന്നതിനും ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുമായി ബോര്‍ഡ് വിഭാവനം ചെയ്യുന്ന പുതിയ പദ്ധതിയാണ് ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍.
വ്യവസായം തുടങ്ങുന്നതിനുള്ള ലൈസന്‍സുകള്‍ക്കായി ഔദ്യോഗിക മേല്‍വിലാസവും ഒരു ഓപ്പറേറ്റിങ് സെന്ററും ബിസിനസ് ഇന്‍ക്യുബേറ്റര്‍ സെന്ററിലൂടെ ലഭിക്കും. തിരുവനന്തപുരം കുടപ്പനക്കുന്നില്‍ നിര്‍മ്മിച്ച പുതിയ ആസ്ഥാന മന്ദിരത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.
ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പ്രോജക്ടിനെ കുറിച്ചുള്ള വിവരങ്ങളുമായി യുവജനക്ഷേമ ബോര്‍ഡിലെത്തണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകള്‍ തുടങ്ങുന്നതിനുള്ള സഹായം യുവജനക്ഷേമ ബോര്‍ഡ് നല്‍കും.
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്റര്‍പ്രണേഴ്‌സ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡ്യയുമായി ചേര്‍ന്നുള്ള ബോര്‍ഡിന്റെ സംരംഭകത്വ വികസന പരിശീലന പദ്ധതിയും സംരംഭകര്‍ക്ക് പ്രയോജനപ്രദമാണ്. വ്യവസായം തുടങ്ങുന്നതിനായുള്ള ഭൗതിക സാഹചര്യങ്ങള്‍, മൂലധനം, പരിശീലനം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, വിവിധങ്ങളായ ലൈസന്‍സുകള്‍ തുടങ്ങിയവ കണ്ടെത്താനുള്ള സഹായ കേന്ദ്രം എന്ന നിലയിലും ഇന്‍ക്യുബേറ്റര്‍ സെന്റര്‍ പ്രവര്‍ത്തിക്കും. യുവജനക്ഷേമ ബോര്‍ഡ് സൗജന്യമായി നല്‍കുന്ന ഓഫീസില്‍ രണ്ടുവര്‍ഷം വരെ സംരംഭകന് പ്രവര്‍ത്തിക്കാനാകും.

More Citizen News - Thiruvananthapuram