പെറ്റിക്കേസുകളേറുന്നു: അപകടമരണവും

Posted on: 21 Aug 2015തിരുവനന്തപുരം: അലക്ഷ്യവും അപകടകരവുമായ രീതിയിലുള്ള വാഹനമോടിക്കലുള്‍പ്പെടെ സംസ്ഥാനത്ത് മോട്ടോര്‍വാഹന പിഴയീടാക്കല്‍ ഓരോ വര്‍ഷവും കൂടുന്നു. പിഴയീടാക്കുന്നത് ഏറുന്നുണ്ടെങ്കിലും സംസ്ഥാനത്തെ റോഡപകടനിരക്കും മരണവും വര്‍ദ്ധിക്കുന്നു. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കിലാണ് ഗതാഗതനിയമലംഘനങ്ങളുടെയും അപകടമരണങ്ങളുടെയും വര്‍ധനവ് ചൂണ്ടിക്കാട്ടുന്നത്. പോലീസിന്റെ 'ഊര്‍ജിത' പിഴയീടാക്കലിന്റെ ലക്ഷ്യം അപകടം കുറയ്ക്കുന്നില്ല എന്നതിന്റെ സൂചനയാണ് ഇത് വെളിവാക്കുന്നത്.
കേരളത്തില്‍ ഈ വര്‍ഷം ഇതുവരെമാത്രം 30 ലക്ഷത്തിലേറെ മോട്ടോര്‍വാഹന പെറ്റിക്കേസുകളാണ് ചാര്‍ജ് ചെയ്യപ്പെട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ പെറ്റിക്കേസുകളെടുത്തത് പാലക്കാട്ടാണ്. 3,60598 എണ്ണം. കണ്ണൂര്‍- 2,59,551, മലപ്പുറം- 2,87,208, എറണാകുളം റൂറല്‍- 2,32,231, ആലപ്പുഴ- 1,80,105 , തിരുവനന്തപുരം റൂറല്‍- 1,68,513, തിരുവനന്തപുരം സിറ്റി - 1,63,982 എന്നിങ്ങനെ നീളുന്നു പെറ്റിക്കേസുകളുടെ കണക്ക്. കഴിഞ്ഞ വര്‍ഷം 54 ലക്ഷത്തിലേറെ മോട്ടോര്‍വാഹനപെറ്റിക്കേസുകളാണ് വിവിധ ജില്ലകളിലായി ചുമത്തിയത്.
അതേസമയം അപകട മരണങ്ങളുടെ എണ്ണത്തില്‍ കേരളത്തില്‍ വര്‍ധനയുണ്ടാകുന്നുമുണ്ട്. കാല്‍നടയാത്രക്കാര്‍ ഏറെപ്പേര്‍ സംസ്ഥാനത്തെ നിരത്തില്‍ കൊല്ലപ്പെടുന്നു. കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളില്‍ 4000 പേര്‍ മരിച്ചു. ഇതില്‍ 835 പേര്‍ കാല്‍നടയാത്രികരാണ്. രാജ്യത്ത് കാല്‍നടയാത്രികര്‍ കൊല്ലപ്പെടുന്ന സംസ്ഥാനങ്ങളില്‍ കേരളം രണ്ടാമതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1170 ആളുകള്‍ മരിച്ച മഹാരാഷ്ട്രയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായത് 35,872 റോഡപകടങ്ങളാണ്. കഴിഞ്ഞവര്‍ഷത്തെയും ഈ വര്‍ഷം ജൂലായ് വരെയുമുള്ള പെറ്റിക്കേസുകളുടെ എണ്ണം

ഹെഡ്‌ലൈറ്റുകളുടെയും ബ്രേക്ക് ലൈറ്റുകളുടെയും തകരാര്‍ - 68,064 (2014), 27,832 (2015)
സീറ്റ് ബെല്‍റ്റില്ലാതെയുള്ള യാത്ര- 3,54,113 (2014), 2,22,049 (2015).
സിഗ്നല്‍ ലംഘനം - 45,546 (2014), 23,578 (2015).
അപകടകരമായ വാഹനമോടിക്കല്‍ - 90,383 (2014), 47,855 (2015).
മദ്യപിച്ച് വാഹനമോടിക്കല്‍ -2,10,804 (2014), 1,08,304 (2015).
ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കല്‍ - 12,85,055 (2014), 10,15,862 (2015).
ഫോണില്‍ സംസാരിച്ചുകൊണ്ടുള്ള വാഹനമോടിക്കല്‍ - 20,902 (2014), 11,567 (2015).
മറ്റുള്ളവ - 25,51,145 (2014), 16,19,934 (2015).

More Citizen News - Thiruvananthapuram