നഷ്ടപരിഹാരവും പുനരധിവാസവും പ്രധാന ആവശ്യങ്ങള്‍

Posted on: 20 Aug 2015ആറ്റിങ്ങല്‍: ദേശീയപാതാ വികസനത്തിനായി സ്ഥലമെടുക്കുന്നത് സംബന്ധിച്ച് 116 പരാതികള്‍ ലഭിച്ചതായി ചിറയിന്‍കീഴ് തഹസില്‍ദാര്‍ ആര്‍.സുകു പറഞ്ഞു. പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. ഈ മാസം 10ന് നഗരസഭയില്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പങ്കെടുത്ത യോഗത്തില്‍ ഭൂവുടമകളും വ്യാപാരികളും റോഡ് വികസനം സംബന്ധിച്ച തങ്ങളുടെ ആശങ്കകള്‍ പങ്കുെവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പരാതികള്‍ എഴുതിസമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചത്.
റോഡ് വീതി കൂട്ടുമ്പോള്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം വേണമെന്നും തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നുമാണ് പരാതിയില്‍ ഉയര്‍ന്നിട്ടുള്ള പ്രധാന ആവശ്യമെന്ന് തഹസില്‍ദാര്‍ ചൂണ്ടിക്കാട്ടുന്നു. ഉടമകള്‍ സൗജന്യമായി വിട്ടുനല്കുന്ന ഭൂമിയില്‍ റോഡ് നിര്‍മ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ദേശീയപാതയില്‍ പൂവമ്പാറ മുതല്‍ മുന്നുമുക്ക് വരെയുള്ള ഭാഗമാണ് 20 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാതയായി വികസിപ്പിക്കുന്നത്. നിലവിലുള്ള റോഡിന്റെ ഇരു വശത്തുനിന്നും ഭൂമിയെടുത്തുകൊണ്ടാണ് റോഡ് വികസനം. റോഡ് വികസനത്തിനായി തയ്യാറാക്കിയിട്ടുള്ള രൂപരേഖയെക്കുറിച്ചും വലിയ ആക്ഷേപങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.
ഭൂമി ഏറ്റെടുത്തുനല്‍കേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്കാണ്. ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്കാന്‍ വ്യവസ്ഥയില്ല. റോഡിനായി ഏറ്റെടുക്കേണ്ട ഭൂമി സര്‍വ്വേ വിഭാഗം അളന്ന് അടയാളപ്പെടുത്തിക്കഴിഞ്ഞു. ഭൂവുടമകളുടെ സമ്മതപത്രം ലഭിച്ചുകഴിഞ്ഞാലേ അടുത്ത നടപടികളിലേക്ക് പോകാന്‍ കഴിയൂ. ഇതിന്റെ ഭാഗമായിട്ടാണ് 10ന് നഗരസഭയില്‍ യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുത്ത കച്ചവടക്കാരും സംഘടനാ പ്രതിനിധികളും ഭൂമി വിട്ടുകൊടുക്കുമ്പോള്‍ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ടു. തുടര്‍ന്ന് പാതയുടെ വീതി കൂട്ടുമ്പോള്‍ ഉപജീവനമാര്‍ഗ്ഗം നഷ്ടമാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പദ്ധതി നടപ്പാക്കുമ്പോള്‍ പൂര്‍ണമായും ഭൂമി നഷ്ടമാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാമെന്നും ഭാഗികമായി ഭൂമി നഷ്ടമാകുന്നവര്‍ പദ്ധിതിയോട് സഹകരിക്കാന്‍ തയ്യാറാകണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഉപജീവനം നഷ്ടമാകുന്നവര്‍ക്കായി വലിയ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിച്ച് പുനരധിവാസം ഉറപ്പാക്കുന്ന രീതി പരീക്ഷിക്കാമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.
നഗരത്തിലെ പുറമ്പോക്ക് പൂര്‍ണമായി ഏറ്റെടുത്ത് റോഡ് വികസനം നടപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍, പുറമ്പോക്ക് കണ്ടെത്തല്‍ എളുപ്പമാവില്ലെന്ന് റവന്യു അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ആറ്റിങ്ങലില്‍ റോഡ് വികസനത്തിന് എല്ലാവരും അനുകൂലിക്കുമ്പോഴും ഭൂമി വിട്ടുനല്കുന്നതിലെ വിയോജിപ്പാണ് താലൂക്കോഫീസില്‍ ലഭിച്ച പരാതികളിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ വെള്ളിയാഴ്ചത്തെ യോഗം നിര്‍ണായകമാണ്. പരാതിക്കാരുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

More Citizen News - Thiruvananthapuram