നഗരസഭാ ജീവനക്കാര്‍ ധര്‍ണ നടത്തി

Posted on: 20 Aug 2015തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മുനിസിപ്പന്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നഗരസഭകള്‍ക്കുമുന്നില്‍ കൂട്ടധര്‍ണ സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ തിരുത്തുക, നഗരസഭകളെ സംരക്ഷിച്ചുകൊണ്ട് ശമ്പളവും പെന്‍ഷനും നല്‍കുന്നതിനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുക, തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് പ്രാവര്‍ത്തികമാക്കുക, ശമ്പളപരിഷ്‌കരണ ഉത്തരവിലെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, നഗരകാര്യ ഡയറക്ടറേറ്റിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
ജില്ലയില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല തുടങ്ങിയ നഗരസഭകള്‍ക്കുമുന്നില്‍ നടന്ന ധര്‍ണകളില്‍ വിവിധ നേതാക്കള്‍ സംസാരിച്ചു. തിരുവനന്തപുരത്ത് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പിരപ്പന്‍കോട് മുരളി, ആറ്റിങ്ങലില്‍ സി.പി.എം. ഏരിയാ സെക്രട്ടറി ആര്‍.രാമു, വര്‍ക്കലയില്‍ അഡ്വ. ഷാജഹാന്‍, നെയ്യാറ്റിന്‍കരയില്‍ അന്‍സലന്‍, നെടുമങ്ങാട്ട് സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ. ആര്‍.ജയദേവന്‍ എന്നിവര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എ.ഉണ്ണി, ജനറല്‍ സെക്രട്ടറി എ.നുജൂം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.അജയകുമാര്‍, ആര്‍.രവീന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.ചന്ദ്രികാദേവി, എ.ബി.വിജയകുമാര്‍, എസ്.എസ്.മിനു, പി.സുരേഷ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. അനൂപ് റോയി, എസ്.എസ്.സുജിത്, പ്രമോദ് കുമാര്‍, ബഷീര്‍, ജയരാജ്, അജിത്, ജയപ്രകാശ്, കെ.രാജന്‍, ആര്‍.ബി.രാകേഷ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram