തൊഴാനെത്തുന്നവര്‍ക്ക് പച്ചക്കറിത്തൈ: ഇത് വിഷമുക്ത പച്ചക്കറിക്കായി ചാങ്ങാട്ട് മോഡല്‍

Posted on: 20 Aug 2015ആറ്റിങ്ങല്‍: ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് പച്ചക്കറിത്തൈകള്‍ സമ്മാനം. വിഷമുക്ത പച്ചക്കറിയുത്പാദിപ്പിക്കാന്‍ ഗ്രാമവാസികളെ പ്രോത്സാഹിപ്പിക്കാന്‍ ചാങ്ങാട്ട് ഭഗവതീക്ഷേത്രട്രസ്റ്റ് കണ്ടെത്തിയ വഴിയാണിത്. പദ്ധതി വിജയമാണെന്ന് ആദ്യ ദിവസം തന്നെ തെളിഞ്ഞു. ഇതോടെ ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായി.
ഗ്രാമത്തിലെ കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് വിഷമുക്ത പച്ചക്കറി ഉത്പാദിപ്പിക്കാനുള്ള ശ്രമമാണ് പച്ചക്കറിത്തൈകള്‍ വിതരണം നടത്തുക എന്ന ആശയത്തിലേക്കെത്തിച്ചത്. കര്‍ഷകദിനത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പയര്‍, വഴുതന, വെണ്ട, മുളക്, തക്കാളി എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത്. പ്രദേശത്തെ യുവകര്‍ഷകനായ സുനില്‍കുമാറാണ് തൈകള്‍ ഉത്പാദിപ്പിച്ച് ട്രസ്റ്റിന് നല്‍കിയത്. സുനില്‍കുമാര്‍ തന്നെയാണ് ഈ ആശയം മുന്നോട്ട്‌ െവച്ചതും. ട്രസ്റ്റ് വക ഭൂമിയില്‍ പച്ചക്കറി കൃഷി നടത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
ക്ഷേത്രം വക ഭൂമിയില്‍ ഇപ്പോള്‍ നെല്ല്, വാഴ, മരച്ചീനി, തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. ട്രസ്റ്റ് ഭാരവാഹികള്‍ തന്നെയാണ് കൃഷി നടത്തുന്നത്. വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍പിളള പച്ചക്കറിത്തൈവിതരണം ഉദ്ഘാടനം ചെയ്തു. പി.ജയേഷ്, മുകേഷ്, അനൂപ്, അഭിലാഷ്, വിനോദ്, ശ്രീജിത്ത് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

More Citizen News - Thiruvananthapuram