ചാക്കില്‍ക്കെട്ടി കടലില്‍ തള്ളിയ മൃതദേഹം തിരിച്ചറിഞ്ഞില്ല

Posted on: 20 Aug 2015പൂവാര്‍: പുല്ലുവിള കടപ്പുറത്ത് ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല. ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. കേരളത്തിലും തമിഴ്‌നാട്ടിലും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുതുടങ്ങി. മൃതദേഹം തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൂവാര്‍ സി.ഐ. ഒ.എ.സുനില്‍ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കൈകാലുകള്‍ ബന്ധിച്ച് ചാക്കില്‍ക്കെട്ടി കടലില്‍ തള്ളിയതാവാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും ഏതുതരത്തിലാണ് കൊല നടത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധന നടത്തിയാലേ കൂടുതല്‍ അറിയാനാകൂ എന്ന് പോലീസ് പറഞ്ഞു. 35നും 40 നും മദ്ധ്യേ പ്രായം തോന്നുന്നയാള്‍ മലയാളിയാവാമെന്ന് പോലീസ് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് പുല്ലുവിള കടപ്പുറത്ത് ചാക്കില്‍ക്കെട്ടിയ നിലയില്‍ മൃതദേഹം അടിഞ്ഞത്. കൈകാലുകളും വായും മൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

More Citizen News - Thiruvananthapuram