പശ്ചിമഘട്ട സംരക്ഷണത്തിനായി രാഷ്ട്രീയം മറന്ന് ഒന്നിക്കണം- സുഗതകുമാരി

Posted on: 20 Aug 2015
തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനായി കക്ഷിരാഷ്ട്രീയം മറന്ന് ഒരുമിക്കണമെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. ഒരുമിച്ചുനിന്നില്ലെങ്കില്‍ നമ്മുടെ പശ്ചിമഘട്ടം കോര്‍പ്പറേറ്റുകള്‍ കൊണ്ടുപോകും. അധികാരികള്‍ വയലുകളും മലകളും ഇടിച്ചു നിരത്തുകയാണ്. പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പരിസ്ഥിതിക്കും മനുഷ്യന്റെ നിലനില്പിനും കനത്ത ആഘാതമുണ്ടാക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഭൂമിക്ക് വേണ്ടിയുള്ള സമരത്തില്‍ രാഷ്ട്രീയക്കാര്‍ ഒപ്പമില്ലാത്തത് ഖേദകരമാണ്. ഇവിടത്തെ കുന്നും പുഴയും മലകളും നശിച്ചുതുടങ്ങിയിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും നിലനില്പിനായുള്ള സമരം വിജയിക്കുകതന്നെ ചെയ്യും-സുഗതകുമാരി പറഞ്ഞു.

പൊതുസ്ഥലങ്ങളിലെ വൃക്ഷസംരക്ഷണത്തിനായി ട്രീ പോളിസിക്ക് രൂപം നല്‍കുക, നെല്‍വയല്‍ സാധൂകരിക്കുന്ന ഫിനാന്‍സ് ബില്‍ പിന്‍വലിക്കുക, കരിങ്കല്‍ ക്വാറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള നദീ സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ടി.വി.രാജന്‍ അധ്യക്ഷനായ കൂട്ടായ്മയില്‍ പരിസ്ഥിതി പ്രവര്‍ത്തകരായ ഗീത കെ. ബിനു, കെ.രാജന്‍, പ്രൊഫ. ശോബീന്ദ്രന്‍, ഡോ. ആര്‍.വി.ജി.മേനോന്‍, ഡോ. എസ്. രാമചന്ദ്രന്‍, ജോണ്‍ പെരുവന്താനം, നെയ്യാറ്റിന്‍കര രവി ഡോ. വി.എസ്.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


More Citizen News - Thiruvananthapuram