ഗ്രാമീണ വിപണനമേള 22ന് തുടങ്ങും

Posted on: 20 Aug 2015തിരുവനന്തപുരം: ഗ്രാമീണ തനിമയാര്‍ന്ന ഉത്പന്നങ്ങളും ഭക്ഷ്യവസ്തുക്കളുമായി ഐ.ആര്‍.ഡി.പി.-എസ്.ജി.എസ്.വൈ. ഗ്രാമീണ വിപണനമേള എത്തുന്നു. ജില്ലാ പഞ്ചായത്തിന്റെയും ബ്‌ളോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ 22 മുതല്‍ 26 വരെ പാളയം എല്‍.എം.എസ്. വില്‍സ് ഹോസ്റ്റല്‍ ഗ്രൗണ്ടിലാണ് മേള നടക്കുക. വിവിധ കേന്ദ്രാവിഷ്‌കൃത, കുടുംബശ്രീ പദ്ധതികളിലൂടെ വ്യക്തികളും ഗ്രൂപ്പുകളും ഉത്പാദിപ്പിച്ച ഗ്രാമീണ ഉത്പന്നങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ 11 ബ്‌ളോക്ക് പഞ്ചായത്തില്‍ നിന്നുള്ള കരകൗശല കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ചക്കറികള്‍, നാടന്‍ പലഹാരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ചൂരല്‍ ഉപകരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, അച്ചാറുകള്‍, അലങ്കാരച്ചെടികള്‍, വിത്തിനങ്ങള്‍, നാടന്‍ മെത്തകള്‍, തലയണകള്‍, കൈക്കുത്തരി, അവില്‍, തേന്‍ തുടങ്ങിയവ മേളയില്‍ ലഭിക്കും. ഒരുകോടി രൂപയുടെ ഉത്പന്നങ്ങളാണ് മേളയിലെത്തിക്കുക. ജൈവ ഉത്പന്നങ്ങളുടേയും വിഷമയമില്ലാത്ത പഴം-പച്ചക്കറികളുടെയും സ്റ്റാളും മേളയിലുണ്ട്. ചക്കവിഭവങ്ങളുടെ വൈവിധ്യമാര്‍ന്ന ചക്കവിഭവങ്ങളുമായി കോട്ടുകാല്‍ ചക്ക യൂണിറ്റും എത്തും. കൂണ്‍ ഉത്പന്നം, വിപണനം, കാട്ടുതേന്‍, കസ്തൂരി മഞ്ഞള്‍ എന്നിവയും മേളയില്‍ ലഭിക്കും. പ്രവേശനം സൗജന്യമാണ്.
ശനിയാഴ്ച രാവിലെ 10ന് കെ.മുരളീധരന്‍ എം.എല്‍.എ. മേള ഉദ്ഘാടനം ചെയ്യും. മേയര്‍ കെ.ചന്ദ്രിക ആദ്യവില്പന നിര്‍വഹിക്കും. കളക്ടര്‍ ബിജുപ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രശേഖരന്‍ നായര്‍, പ്രോജക്ട് ഡയറക്ടര്‍ ജോര്‍ജ് ജേക്കബ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram