വി.പി. സജീന്ദ്രനും ആര്‍.എസ്. ശശികുമാറും ഉള്‍പ്പെടെ ഏഴുപേര്‍ കൊച്ചി സിന്‍ഡിക്കേറ്റിലേക്ക്

Posted on: 20 Aug 2015തിരുവനന്തപുരം: വി.പി. സജീന്ദ്രന്‍ എം.എല്‍.എ., ആര്‍. എസ്. ശശികുമാര്‍ എന്നിവരടക്കം ഏഴുപേരെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്ക് സര്‍ക്കാര്‍ നിയമിച്ചു. ഡോ. ആര്‍.അനന്തരാമനാണ് പ്രൊഫസര്‍മാരുടെ പ്രതിനിധി.
ഡോ. കെ.എ. സക്കറിയ, ഡോ. മുഹമ്മൂദ ബീഗം എന്നിവര്‍ക്ക് മുസ്ലിം ലീഗിന്റെയും ഡോ. ജോസഫ് ജോണിന് കേരളാ കോണ്‍ഗ്രസിന്റെയും പ്രതിനിധികളായി വീണ്ടും സിന്‍ഡിക്കേറ്റിലേക്ക് നോമിനേഷന്‍ ലഭിച്ചു. ഇവര്‍ മൂന്ന് പേരും അധ്യാപക പ്രതിനിധികളാണ്.
വിദ്യാര്‍ഥി പ്രതിനിധിയായി ഇര്‍ഫാന്‍ ഹബീബിനെയും നിയമിച്ചു. എന്നാല്‍ ഇദ്ദേഹം കെ.എസ്.യു. വിന്റെ റിബലായി ജയിച്ചയാളായതിനാല്‍ സിന്‍ഡിക്കേറ്റിലേക്ക് നോമിനേഷന്‍ നല്‍കിയതിനെതിരെ വിമര്‍ശമുണ്ട്.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കാരണമാണ് കൊച്ചി സര്‍വകലാശാലയിലേക്കുള്ള നോമിനേഷന്‍ ആറ് മാസമായി നീണ്ടുപോയത്. ആര്‍.എസ്. ശശികുമാറിന്റെ നോമിനേഷനുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനമടക്കമുള്ള കാര്യങ്ങളില്‍ ശശികുമാര്‍ നടത്തിയ പോരാട്ടം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
തുടര്‍ന്ന് കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ നിന്ന് ശശികുമാറിനെ ഒഴിവാക്കി. എന്നാല്‍ അദ്ദേഹത്തെ ഒഴിവാക്കിയത് ശരിയല്ലെന്ന് ഐ ഗ്രൂപ്പ് നിലപാടെടുത്തു. കെ.പി.സി.സി. പ്രസിഡന്റും ഇതിനോട് യോജിച്ചതിനെ തുടര്‍ന്നാണ് കൊച്ചി സിന്‍ഡിക്കേറ്റില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ ധാരണയായത്.
കൊച്ചി സിന്‍ഡിക്കേറ്റിലേക്കുള്ള ഗവര്‍ണറുടെ പ്രതിനിധികളെ നിയമിക്കുന്നതിന് സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. അഭിപ്രായവ്യത്യാസം മൂലം സര്‍ക്കാരിന് പട്ടിക നല്‍കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ സ്വന്തം നിലയില്‍ വിവിധ മണ്ഡലങ്ങളില്‍നിന്നായി ഏഴുപേരെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു.

More Citizen News - Thiruvananthapuram