പരീക്ഷാ നടത്തിപ്പിലും നിയമനങ്ങളിലും കേരള പി.എസ്.സി. ബഹുദൂരം മുന്നില്‍

Posted on: 20 Aug 2015


ആര്‍. ജയപ്രസാദ്തിരുവനന്തപുരം: മത്സര പരീക്ഷകള്‍ നടത്തുന്നതിലും ഉദ്യോഗാര്‍ത്ഥികളെ നിയമനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്നതിലും കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മിഷന്‍ രാജ്യത്തെ മറ്റ് പി.എസ്.സി.കളെക്കാള്‍ ബഹുദൂരം മുന്നില്‍. 2014 കലണ്ടര്‍ വര്‍ഷത്തില്‍ കേരള പി.എസ്.സി. 378 പരീക്ഷകളാണ് നടത്തിയത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്കാകട്ടെ 98 പരീക്ഷകളേ നടത്താനായുള്ളൂ. കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തിനും പരീക്ഷകളുടെ എണ്ണം മൂന്നക്കം തികയ്ക്കാനായില്ല. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യങ്ങളുള്ളത്.
മത്സരപരീക്ഷകളില്‍ പങ്കെടുപ്പിച്ച ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിലും കേരളം ഏറെ മുന്നിലാണ്. 2014-ല്‍ മൊത്തം 51,65,436 പേരാണ് കേരള പി.എസ്.സി.യുടെ പരീക്ഷകള്‍ക്ക് ഹാജരായത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട് 32,25,347 പേരെ പരീക്ഷയ്ക്കിരുത്തി. 17 പരീക്ഷകളാണ് ഇതിനായി തമിഴ്‌നാട് പി.എസ്.സി. നടത്തിയത്. നിയമനങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ ശുപാര്‍ശ ചെയ്തതിലും കേരളം വളരെയേറെ മുന്നിലാണ്. 2014-ല്‍ മൊത്തം 28,270 പേര്‍ക്ക് കേരള പി.എസ്.സി. നിയമനശുപാര്‍ശ നല്‍കി. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ 16,537 പേരെയാണ് നിയമനത്തിന് ശുപാര്‍ശ ചെയ്തത്. കേരളത്തിനു മുമ്പേ ഓണ്‍ലൈന്‍ പരീക്ഷകള്‍ ആരംഭിച്ച പി.എസ്.സി.യാണ് രാജസ്ഥാനിലേത്.
കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ഒരു പരീക്ഷ പോലും നടത്താത്ത രണ്ടു സംസ്ഥാനങ്ങളുണ്ട്. ആന്ധ്രാപ്രദേശും ഹരിയാനയുമാണ് അവ. എന്നാല്‍ ആ വര്‍ഷം ഈ സംസ്ഥാനങ്ങള്‍ യഥാക്രമം 200 പേരെയും 161 പേരെയും നിയമനത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അപ്പോള്‍ നിലവിലുണ്ടായിരുന്ന റാങ്ക്പട്ടികകളില്‍ നിന്നാണ് ഈ ശുപാര്‍ശകള്‍ നടന്നിട്ടുള്ളത്. പരീക്ഷകളുടെ എണ്ണത്തില്‍ രണ്ടക്കം തികയ്ക്കാനാകാത്ത 11 സംസ്ഥാനങ്ങളുണ്ട്.
രാജ്യത്തെ മറ്റു പി.എസ്.സി.കളേക്കാള്‍ പരീക്ഷകള്‍ നടത്തുകയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള അവസരം നല്‍കുകയും ചെയ്യുന്നത് കേരള പി.എസ്.സി.യാണ്. അതിനാല്‍ ചെലവുകളുടെ കാര്യത്തിലും കെ.പി.എസ്.സി.യായിരിക്കും മുന്നില്‍. 2015-ന്റെ ആദ്യമാസങ്ങളില്‍ തന്നെ ചില വലിയ പരീക്ഷകള്‍ കെ.പി.എസ്.സി. നടത്തി. അവയ്ക്കും ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ക്കും വലിയ ചെലവുണ്ടായതാണ് കെ.പി.എസ്.സി.യെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. രാജ്യത്തെ മറ്റു പി.എസ്.സി.കളെല്ലാം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കിയാണ് പരീക്ഷ നടത്തുന്നത്. കേരള പി.എസ്.സി.യാകട്ടെ പൂര്‍ണമായും സൗജന്യമായാണ് ഈ സേവനങ്ങള്‍ നല്‍കുന്നത്. വരുമാനം ലക്ഷ്യമിട്ട്, ഒറ്റത്തവണ രജിസ്‌ട്രേഷനും അപേക്ഷിക്കുന്നതിനും ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പി.എസ്.സി. അനുമതി ചോദിച്ചിട്ടുണ്ട്. നിയമനം ലഭിച്ചവരുടെ സര്‍വീസ് പരിശോധനക്ക് ആയിരം രൂപ വീതം ഫീസ് ഈടാക്കാന്‍ കഴിഞ്ഞ പി.എസ്.സി. യോഗം തീരുമാനിക്കുകയും ചെയ്തു.
രാജ്യത്തെ പി.എസ്.സി.കളുടെ 2014 വര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച താരതമ്യം

(സംസ്ഥാനം, നടത്തിയ പരീക്ഷകളുടെ എണ്ണം, പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം, നിയമന ശുപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം എന്ന ക്രമത്തില്‍).
കേരളം 378 5165436 28270
ആന്ധ്രാപ്രദേശ് ഇല്ല ഇല്ല 200
അരുണാചല്‍ പ്രദേശ് 9 6810 421
ആസാം 7 57716 719
ബിഹാര്‍ 9 93223 1469
ഛത്തീസ്ഗഡ് 18 196779 1016
ഗോവ 2 1972 123
ഗുജറാത്ത് 48 614225 1197
ഹരിയാന ഇല്ല ഇല്ല 161
ഹിമാചല്‍ പ്രദേശ് 42 144175 151
ജമ്മു & കശ്മീര്‍ 23 4443 852
ജാര്‍ഖണ്ഡ് 2 17263 17
കര്‍ണാടക 4 249712 2473
മധ്യപ്രദേശ് 5 495781 106
മഹാരാഷ്ട്ര 98 431096 4003
മണിപ്പൂര്‍ 6 36567 335
മേഘാലയ 36 18196 4576
മിസോറാം 32 27572 240
നാഗാലാന്‍ഡ് 4 16610 124
ഒഡിഷ 12 95034 197
പഞ്ചാബ് 9 37864 434
രാജസ്ഥാന്‍ 42 2078362 16537
സിക്കിം 10 176 35
തമിഴ്‌നാട് 17 3225347 12278
ത്രിപുര 23 21584 317
ഉത്തര്‍പ്രദേശ് 13 1029885 6311
ഉത്തരാഖണ്ഡ് 8 186719 761
പശ്ചിമ ബംഗാള്‍ 43 180800 4170
(അവലംബം- യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്ക്)

More Citizen News - Thiruvananthapuram