പിന്നാക്കക്കാരെ കല്യാണം കഴിച്ചതിന്റെ പേരില്‍ ആനുകൂല്യമൊന്നും നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍

Posted on: 20 Aug 2015


അനീഷ് ജേക്കബ്ബ്തിരുവനന്തപുരം: പിന്നാക്കക്കാരെ കല്യാണം കഴിച്ചതിന്റെ പേരില്‍ ആനുകൂല്യം നേടേണ്ടെന്ന് സര്‍ക്കാര്‍. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരെ വിവാഹം ചെയ്യുന്നവര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനത്തിന് മുന്‍ഗണന നല്‍കണമെന്ന ആവശ്യം മന്ത്രിസഭ നിരാകരിച്ചു. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനക്കായി വന്നെങ്കിലും ഒപ്പം നിയമപ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു.
പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരെ വിവാഹം കഴിക്കുന്ന മുന്നാക്കവിഭാഗക്കാര്‍ക്ക് സാമൂഹ്യകാരണങ്ങളാല്‍ ആനുകൂല്യം നല്‍കണമെന്നായിരുന്നു ശുപാര്‍ശ. താത്കാലിക നിയമനങ്ങളിലെങ്കിലും മുന്‍ഗണന നല്‍കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. നിയമസഭാ കമ്മിറ്റിയും ഇതനുസരിച്ചുള്ള ശുപാര്‍ശ നല്‍കിയിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങള്‍ ഹൃസ്വകാലത്തേക്കുള്ള താത്കാലിക നിയമനങ്ങളായതിനാല്‍ ഇതില്‍ ഇങ്ങനെയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ മുന്‍ഗണന നല്‍കുന്നത് സംവരണത്തിന്റെ വ്യാഖ്യാനത്തില്‍ വരുമെന്നതിനാല്‍ അതിന് ഈ കേസില്‍ വ്യവസ്ഥയില്ലെന്ന് നിയമവകുപ്പ് ചൂണ്ടിക്കാട്ടി. സംവരണം ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായേ നല്‍കാനാകൂ.
മിശ്ര വിവാഹിതര്‍ക്കും കൂടുതല്‍ ആനുകൂല്യം നല്‍കണമെന്ന് പലവട്ടം ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മിശ്ര വിവാഹിതരായ രണ്ടുപേരും സര്‍ക്കാര്‍ ജോലിക്കാരാണെങ്കില്‍ അവര്‍ക്ക് ഒരു സ്ഥലത്തേക്ക് സ്ഥലംമാറ്റത്തിനുള്ള ആനുകൂല്യമേ നല്‍കുന്നുള്ളൂ. അച്ഛനമ്മമാരില്‍ ആരെങ്കിലും സംവരണ വിഭാഗത്തിലുള്ള ആളാണെങ്കില്‍ മുമ്പ് കുട്ടികള്‍ക്ക് താത്പര്യമെങ്കില്‍ സംവരണാനുകൂല്യം കിട്ടുന്ന ജാതി തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ പുതുക്കിയ വ്യവസ്ഥ പ്രകാരം അച്ഛന്റെ ജാതിയേ മക്കളുടേതായി കണക്കാക്കൂ.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പിന്നാക്കക്കാരെ വിവാഹം ചെയ്യുന്ന മുന്നാക്കക്കാര്‍ക്ക് അതിന്റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യം നല്‍കുന്നത് ശരിയല്ലെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് ഫയലില്‍ തീരുമാനം എടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.

More Citizen News - Thiruvananthapuram