തിരുവിതാംകൂറിന്റെ ചരിത്രവഴികള്‍ തേടി വിദ്യാര്‍ഥികളുടെ യാത്ര

Posted on: 20 Aug 2015നെയ്യാറ്റിന്‍കര: തിരുവിതാംകൂറിന്റെ ചരിത്രവഴികള്‍ തേടി ഒരു കൂട്ടം വിദ്യാര്‍ഥികള്‍. ഇവര്‍ക്ക് വഴികാട്ടിയായി സമകാലീന ചരിത്രകാരന്മാരും ഒപ്പംകൂടി. ബോധേശ്വരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് തിരുവിതാംകൂറിന്റെ ചരിത്രം തേടി തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലൂടെ യാത്ര നടത്തിയത്. ജില്ലയിലെ സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുത്ത കുട്ടികള്‍ക്കൊപ്പം ചരിത്രപണ്ഡിതനായ ഡോ. എം.ജി.ശശിഭൂഷനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ മലയിന്‍കീഴ് ഗോപാലകൃഷ്ണനും പ്രൊഫ. സുജാതദേവിയും ബ്രിഗേഡിയര്‍ സുരേന്ദ്രനാഥും ഉണ്ടായിരുന്നു.

കവയിത്രി സുഗതകുമാരിയുടെ നന്ദാവനത്തെ വീട്ടില്‍ നിന്നാണ് യാത്ര തുടങ്ങിയത്. മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍, ഗോവിന്ദന്‍ തമ്പി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വഴുതയ്ക്കാടുള്ള സി.വി.രാമന്‍പിള്ളയുടെ വീട്ടിലെത്തി. സംഘം പിന്നീട് നെയ്യാറ്റിന്‍കര താലൂക്കില്‍ ലൈബ്രറി പ്രസ്ഥാനത്തിന് തുടക്കമിട്ട ആര്‍.നാഗപ്പന്‍ നായരുടെ തൊഴുക്കലുള്ള വീട്ടിലെത്തി. ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി പി.കെ.രാജ്‌മോഹന്‍, നാഗപ്പന്‍ നായരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.

ശത്രുക്കളില്‍ നിന്ന് മാര്‍ത്താണ്ഡവര്‍മ്മ രാജാവ് ഒളിച്ചിരുന്ന നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്ര വളപ്പിലെ അമ്മച്ചി പ്ലാവ് സന്ദര്‍ശിച്ചു. സ്വദേശാഭിമാനി പാര്‍ക്കും മുല്ലപ്പള്ളി വീടും സംഘം സന്ദര്‍ശിച്ചു. കുളച്ചല്‍ യുദ്ധസ്മാരകം, നൂറുല്‍ ഇസ്ലാം സര്‍വകലാശാല കാമ്പസ്, മേലാങ്കോട്ട് യക്ഷിയമ്മന്‍ ക്ഷേത്രം, കന്യാകുമാരി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.

രണ്ടാം ദിനത്തില്‍ സംഘം വട്ടക്കോട്ട, തലക്കുളം വലിയ വീട്, ഉദയഗിരിക്കോട്ട, പത്മനാഭപുരം കൊട്ടാരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. യാത്രയ്ക്ക് കോ-ഓര്‍ഡിനേറ്റര്‍ വി.കേശവന്‍കുട്ടി, കെ.സാംബശിവന്‍, ജി.ശിശുപാലന്‍, സുമേഷ് കൃഷ്ണന്‍, പ്രമോദിനിയമ്മ, ശ്യാമള, അരുണ്‍, സുലോചന, സരിത, പുഷ്പ ചിത്ര എന്നിവര്‍ നേതൃത്വം നല്‍കി.


More Citizen News - Thiruvananthapuram