കോവളം ലൈറ്റ് ഹൗസ് ബീച്ച് റോഡുപണി ആരംഭിച്ചു

Posted on: 19 Aug 2015കോവളം: ലൈറ്റ് ഹൗസ് ബീച്ചിലേക്കുള്ള റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കരാറുകാരുടെയും അധികൃതരുടെയും അനാസ്ഥകാരണം പാര്‍ക്കിങ് ഏരിയയിലേക്കുള്ള ഈ റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെ ആയിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെപ്പറ്റി കഴിഞ്ഞ മാസം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡിന് ഇരുവശത്തും റീടെയ്‌നിങ് ഭിത്തിയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് തീര്‍ന്നാലുടന്‍ റോഡില്‍ ഇന്റര്‍ലോക്ക് പതിക്കുന്ന പണി ആരംഭിക്കും. ഫാക്ട് ആണ് റോഡുപണിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. പണി നടക്കുന്നതിനാല്‍ ബീച്ചിലെ പാര്‍ക്കിങ് പ്രദേശത്തേയ്ക്ക് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. രണ്ടാഴ്ചയ്ക്കകം പണിതീര്‍ത്ത് പുതിയ റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് ഹാര്‍ബര്‍ കൗണ്‍സിലര്‍ സുധീര്‍ഖാന്‍ വ്യക്തമാക്കി.
റോഡിന്റെ ശോച്യാവസ്ഥയെപ്പറ്റി നിരന്തരം പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ പണി തുടങ്ങാന്‍ തീരുമാനമായതായിരുന്നു. എന്നാല്‍ സീസണില്‍ റോഡുപണി നടത്തുന്നത് കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞതോടെ പണി മാര്‍ച്ചിലേക്ക് നീട്ടി. എന്നാല്‍ പിന്നീട് പണി നടന്നില്ല. ഇതിനിടയില്‍ പൊട്ടിപ്പൊളിഞ്ഞും മഴയെത്തുടര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപം കൊണ്ടും മെറ്റലിളകിയും റോഡ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയായി. വാഹനങ്ങള്‍ റോഡില്‍ അപകടത്തില്‍പ്പെടുന്നതും സാധാരണമായിരുന്നു.

More Citizen News - Thiruvananthapuram