കോലിയക്കോട് സ്‌കൂളില്‍ മാതൃഭൂമി സീഡ് 'അക്ഷരമരം തണല്‍വീഥി' പദ്ധതിക്ക് തുടക്കമായി

Posted on: 19 Aug 2015വെഞ്ഞാറമൂട്: കോലിയക്കോട് സര്‍ക്കാര്‍ യു.പി.എസ്. മാതൃഭൂമി സീഡ് കര്‍ഷകദിനാചരണം സമൂഹത്തിന് തണല്‍നല്‍കാനുള്ള കര്‍മ്മപരിപാടിയായാണ് ആഘോഷിച്ചത്. മലയാളത്തിലെ മുഴുവന്‍ അക്ഷരങ്ങളെയും പ്രതിനിധീകരിച്ച് വഴിയരികില്‍ ഓരോ തണല്‍വൃക്ഷം വച്ചുപിടിപ്പിക്കുന്ന 'അക്ഷരമരം തണല്‍വീഥി' എന്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാക്കിയത്.
വാമനപുരം ബ്ലോക്ക് പഞ്ചായത്തും കോലിയക്കോട് ഐ. എഫ്.എസ്. എന്ന ട്യൂഷന്‍സെന്ററും ചേര്‍ന്നാണ് പരിപാടി നടത്തിയത്. തണല്‍വീഥിക്കായി വച്ചുപിടിപ്പിക്കാനുള്ള തൈകള്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്താണ് നല്‍കിയത്. ഇവയ്ക്ക് ആവശ്യമായ കുഴികളെല്ലാം ഒരുക്കിയത് ഐ.എഫ്. എസ്. ട്യൂഷന്‍ െസന്ററായിരുന്നു. അശോകം, പേരാല്‍, ബേര്‍ഡ്‌സ് ചെറി തുടങ്ങിയ തൈകളാണ് നട്ടത്.
ആ മുതല്‍ റ വരെയുള്ള എല്ലാ അക്ഷരങ്ങളും മഞ്ഞ പ്ലാസ്റ്റിക് കാര്‍ഡില്‍ ചുവന്ന ലിപികൊണ്ട് എഴുതി ഓരോ മരത്തൈയുടെയും ചുവട്ടില്‍ പതിപ്പിച്ചിട്ടുണ്ട്. സീഡ് വിദ്യാര്‍ത്ഥികള്‍ തന്നെ ഇവ പരിപാലിക്കുമെന്ന് പ്രതിജ്ഞയെടുത്തു. തൈക്കാട് -കഴക്കുട്ടം ബൈപാസിലെ കോലിയക്കോട് കവലമുതല്‍ അരക്കിലോമീറ്റര്‍ ദൂരത്തിലാണ് തൈകള്‍ വച്ചു പിടിപ്പിച്ചത്. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ നടന്നു പോകുന്നത് ഇതുവഴിയാണ്. അതു കൊണ്ടാണ് വഴിയെ തണല്‍വീഥിയാക്കാന്‍ മാതൃഭൂമി സീഡ് തിരഞ്ഞെടുത്തത്.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.പുരുഷോത്തമന്‍നായര്‍ തൈ നട്ടു കൊണ്ട് അക്ഷരമരം തണല്‍വീഥി പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ഡി.ഒ. സെറീനാ റഹുമാന്‍, ബ്ലോക്ക് അംഗം കലാകുമാരി, പ്രഥമാധ്യാപകന്‍ കൃഷ്ണന്‍നായര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ രശ്മി ആര്‍, ഐ.എഫ്.എസ്. പ്രിന്‍സിപ്പല്‍ ജയചന്ദ്രന്‍ എസ്.ആര്‍, ഇ.എ സലീം, സുധീഷ് എസ്.എസ്, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് രാധാകൃഷ്ണന്‍നായര്‍, ഉഷാകുമാരി, ശരത്, അനില്‍കുമാര്‍ തുടങ്ങിയവര്‍ തൈകള്‍ നട്ടു.

More Citizen News - Thiruvananthapuram