നാളികേരകോംപ്ലക്‌സ് സപ്തംബറില്‍ തുറക്കും-മന്ത്രി

Posted on: 19 Aug 2015ആറ്റിങ്ങല്‍: മാമത്ത് പൂട്ടിക്കിടക്കുന്ന നാളികേര കോംപ്ലക്‌സ് സപ്തംബര്‍ 10ന് മുമ്പ് തുറന്ന് പ്രവര്‍ത്തനം തുടങ്ങുമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. നാളികേരകോംപ്ലക്‌സിന്റെ പ്രശ്‌നം ബി.സത്യന്‍ എം.എല്‍.എ. ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കീഴാറ്റിങ്ങല്‍ മില്‍കോ െഡയറിയുടെ ജൈവവള വിപണനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
നാളികേര വികസന കോര്‍പ്പറേഷന്‍ 2012-ല്‍ പുനരുജ്ജീവിപ്പിച്ചു. കോഴിക്കോട്ട് പൂട്ടിക്കിടന്ന കോംപ്ലക്‌സില്‍ 50 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. കാലിത്തീറ്റ നിര്‍മാണകേന്ദ്രം ഉള്‍പ്പെടെയുളള യൂണിറ്റുകള്‍ അവിടെ അടുത്തമാസം പ്രവര്‍ത്തനം തുടങ്ങും. മാമത്തെ കോംപ്ലക്‌സ് പൂട്ടിയിട്ട് 25 വര്‍ഷമാകുന്നു. ഇത് തുറക്കുന്നതിന് ചില സാങ്കേതിക തടസ്സങ്ങളാണ് ഇപ്പോഴുള്ളത്. അത് നീക്കി ഓണം കഴിഞ്ഞാലുടന്‍ തുറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മാമത്തെ നാളികേര കോംപ്ലക്‌സിനെ സംബന്ധിച്ച് 'മണ്ഡരി ബാധിച്ച നാളികേര കോംപ്ലക്‌സ്' എന്ന പരമ്പര മാതൃഭൂമി പ്രസിദ്ധീകരിച്ചു. ഇതേ തുടര്‍ന്ന് ഈ വിഷയം എം.എല്‍.എ. നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.

More Citizen News - Thiruvananthapuram