ജൈവ കൃഷി മാതൃകയാക്കി കീഴാറൂര്‍ ഗവ: എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികള്‍

Posted on: 19 Aug 2015വെള്ളറട: ജൈവ കൃഷിയിലൂടെ വിഷവിമുക്ത പച്ചക്കറി ഉത്പാദനം ലക്ഷ്യമാക്കിയ കീഴാറൂര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയോരഗ്രാമങ്ങള്‍ക്ക് മാതൃകയാകുന്നു. സ്‌കൂള്‍ പരിസരത്തും വീട്ടുവളപ്പിലുമാണ് പ്രധാനമായും കൃഷിയിടങ്ങള്‍. സീഡ്പദ്ധതി അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കൃഷിക്ക് അധ്യപകരുടെ പിന്തുണയും കൃഷി അധികൃതരുടെ സഹായവും ലഭിക്കുന്നുണ്ട്.
വിവിധതരം പച്ചക്കറികളും, എട്ട്മാസം കഴിയുമ്പോള്‍ പാകമാകുന്ന ടിഷ്യൂകള്‍ച്ചര്‍ വാഴയുമാണ് കൃഷിചെയ്യുന്നത്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വിഷംപുരണ്ട പച്ചക്കറികള്‍ മാരകമായരോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന തിരിച്ചറിവാണ് ജൈവ കൃഷിക്ക് പ്രേരണയായതെന്ന് വിദ്യര്‍ഥികള്‍ പറയുന്നു. വാഴ കൃഷിക്ക് ആവശ്യമായ തൈകള്‍ വിദ്യാര്‍ഥികള്‍ സ്വന്തമായിട്ടാണ് തയ്യാറാക്കുന്നത്. അധ്യപകരുടെ സഹായത്തോടെ കഴക്കൂട്ടത്തുള്ള സര്‍ക്കാര്‍ വക മോഡല്‍ ഫ്‌ളോറി ടിഷ്യൂകള്‍ച്ചര്‍ സെന്ററില്‍നിന്ന് റൂട്ടിങ്പ്ലാന്റ് വാങ്ങി പോട്ടിങ് മിശ്രിതത്തില്‍ െവച്ച് ദൃഡീകരണം വരുത്തിയശേഷമാണ് കൃഷിയിടത്തില്‍ നടുന്നത്.
സ്‌കൂളിലെ കൃഷിയിടത്തില്‍ െവച്ച് പോട്ടിങ് മിശ്രിതം തയ്യാറാക്കുന്നതും ദൃഡീകരണത്തിന്റെയും പൂര്‍ണചുമതല വിദ്യാര്‍ഥികള്‍ക്കാണ്. പിന്നീട് പാകമാകുന്ന വാഴത്തൈകള്‍ വീട്ടിലെ കൃഷിയിടത്തിലേക്ക് മാറ്റുന്നു. വീട്ടുവളപ്പിലെ കൃഷിക്ക് കുട്ടികളുടെ കൂടുതല്‍ പരിചരണം ലഭിക്കുമെന്നതിനാലാണ് കൃഷിയങ്ങോട്ടും വ്യപിപ്പിക്കാന്‍ കാരണമെന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ പറയുന്നു. പച്ചക്കറി കൃഷിക്കാവശ്യമായ പരിശീലനവും വിത്തുകളും കൃഷിഭവന്‍ വഴിയാണ് നല്‍കുന്നത്.
കൃഷി അധികൃതരില്‍നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന ബോധവത്കരണവും പരിശീലനവും മറ്റ് കര്‍ഷകരിലേക്ക് പകര്‍ത്തുന്നതായി കുട്ടികള്‍ പറയുന്നു. ഇനി മാസങ്ങള്‍ കഴിയുമ്പോള്‍ തങ്ങുളുടെ സ്വന്തം കൃഷിയുടെ വിളവെടുപ്പ് നടത്താമെന്ന ആത്മസംതൃപ്തിയിലാണ് വിദ്യാര്‍ഥികള്‍.

More Citizen News - Thiruvananthapuram