നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലെ മലിനജല സംസ്‌കരണപദ്ധതി ലക്ഷ്യം കാണുന്നില്ല

Posted on: 19 Aug 2015നെയ്യാറ്റിന്‍കര: രണ്ടുമാസം മുന്‍പ് ആരംഭിച്ച നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലെ മലിനജല സംസ്‌കരണപദ്ധതി ലക്ഷ്യം കാണുന്നില്ല. മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനായി ആരംഭിച്ച പ്ലാന്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുകയാണ്. ഇതുകാരണം രോഗികളും ജീവനക്കാരും ദുരിതത്തിലാണ്.
ജില്ലാ പഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണ് ആശുപത്രിയില്‍ സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. 65 ലക്ഷം രൂപ മുടക്കിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിര്‍മാണം പൂര്‍ത്തിയായെങ്കിലും ശുദ്ധീകരിക്കുന്ന ജലം തിരികെ ഉപയോഗിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയില്ല. മാത്രവുമല്ല പ്ലാന്റിന് മേല്‍മൂടിയും സ്ഥാപിച്ചില്ല. ഇത് കാരണം പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന രൂക്ഷമായ ദുര്‍ഗന്ധം ആശുപത്രിയില്‍ പരക്കുകയാണ്.
സാധാരണ മലിനജല സംസ്‌കരണ പ്ലാന്റുകള്‍ക്ക് മേല്‍മൂടി നിര്‍ബന്ധമാണ്. എങ്കില്‍ മാത്രമേ ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതി നല്‍കുകയുള്ളൂ. എന്നാല്‍ ശുചിത്വമിഷന്‍ കൂടി പങ്കാളിയായ ജില്ലാ ആശുപത്രിയിലെ പ്ലാന്റിന് മേല്‍മൂടി ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.
തുറസ്സായ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ദുര്‍ഗന്ധം ഉയരുകയാണ്. ആശുപത്രിയിലെ വാര്‍ഡുകളിലേക്കും ശസ്ത്രക്രിയ മുറികളിലേക്കും ദുര്‍ഗന്ധം പടരുകയാണ്. രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത് കാരണം രോഗികള്‍ ദുരിതത്തിലാവുകയാണ്.
പ്രതിദിനം 120000 ലിറ്റര്‍ മലിനജലം സംസ്‌കരിക്കുന്നതിനുള്ള ശേഷിയുള്ളതാണ് പ്ലാന്റ്. കൊച്ചിയിലെ സ്വകാര്യ ഏജന്‍സിക്കാണ് നിര്‍മാണത്തിന്റെയും ഒരു വര്‍ഷത്തെ നടത്തിപ്പിനും കരാര്‍ നല്‍കിയത്. ഇപ്പോള്‍ ആശുപത്രിയിലെ മലിനജലം സംസ്‌കരിച്ചശേഷം ഓടയിലൂടെ ഒഴുക്കിവിടുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ പദ്ധതിപ്രകാരം ശുദ്ധീകരിക്കുന്ന വെള്ളം ആശുപത്രിയിലെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നാണ്. എന്നാല്‍ പദ്ധതി തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴും ശുദ്ധീകരിക്കുന്ന വെള്ളം ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.


More Citizen News - Thiruvananthapuram