സംഭവത്തില്‍ ദുരൂഹത: ചാക്കില്‍കെട്ടിയ മൃതദേഹം പുല്ലുവിള കടപ്പുറത്ത് അടിഞ്ഞു

Posted on: 19 Aug 2015പൂവാര്‍: ചാക്കില്‍ കെട്ടിയനിലയില്‍ അജ്ഞാത മൃതദേഹം ചൊവ്വാഴ്ച രാവിലെ പുല്ലുവിള കടപ്പുറത്ത് അടിഞ്ഞു. ഏകദേശം 35നും 40 നും ഇടക്ക് പ്രായം തോന്നുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു. കഴുത്തില്‍ തോര്‍ത്തുകൊണ്ട് കെട്ടിയിട്ടുണ്ട്. വെളുത്ത പാന്‍സും കറുത്ത ഷര്‍ട്ടുമാണ് വേഷം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. സുരേഷ്‌കുമാര്‍, പൂവാര്‍ സി.ഐ. സുനില്‍, കാഞ്ഞിരംകുളം എസ്.ഐ. ചന്ദ്രസേനന്‍, വിരലടയാള വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. പരിശോധനകള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും അറിവുള്ളവര്‍ 9497987026 ല്‍ ബന്ധപ്പെടണമെന്ന് പൂവാര്‍ സി.ഐ. ഒ.എ. സുനില്‍ അറിയിച്ചു.

More Citizen News - Thiruvananthapuram