കഞ്ചാവ് വില്പന: അഞ്ചു പേര്‍ അറസ്റ്റില്‍

Posted on: 19 Aug 2015പാറശ്ശാല: അതിര്‍ത്തിയിലെ വിദ്യാലയങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.
നെയ്യാറ്റിന്‍കര മുടിയിളാകം മേലെ പുത്തന്‍ വീട്ടില്‍ സുലോചന (65), പാറശ്ശാലയ്ക്ക് സമീപം കുറുംങ്കുട്ടി എം.ആര്‍. ഭവനില്‍ ഡെയ്‌സന്‍ (35), മാങ്കോട് മാവുവിള പുത്തന്‍ വീട്ടില്‍ ബാലകൃഷ്ണന്‍ (54), വട്ടവിള ലക്ഷംവീട് കോളനിയില്‍ മുരുകന്‍ (32), കാക്കവിള ലക്ഷംവീട് കോളനിയില്‍ പ്രദീപ് (32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
പാറശ്ശാല സി.ഐ. എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഇഷ്ടിക തൊഴിലാളികളായി വേഷം മാറിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് അര കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.
സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി കഞ്ചാവ് ബീഡി നല്‍കിയ ശേഷം കഞ്ചാവിന് അടിമയാക്കിയാണ് കച്ചവടം വ്യാപിപ്പിക്കുന്നത്.
പാറശ്ശാല എസ്.ഐ. ഡി.ബിജുകുമാര്‍, ഗ്രേഡ് എസ്.ഐ. തങ്കരാജ്, അഡീഷണല്‍ എസ്.ഐ. കൃഷ്ണന്‍കുട്ടി, അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍, വിജയദാസ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram