എല്‍.ഐ.സി. കായികമേളയ്ക്ക് തുടക്കം

Posted on: 19 Aug 2015തിരുവനന്തപുരം: എല്‍.ഐ.സി. ദക്ഷിണമേഖല കായികമത്സരങ്ങള്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ഡിവിഷണല്‍ മാനേജര്‍ ഷാജി എം.ശങ്കര്‍ ഉദ്ഘാടനം ചെയ്തു.
13 ഡിവിഷനുകളില്‍നിന്നായി 149 കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ബുധനാഴ്ച വൈകീട്ട് സമാപിക്കും.

അളവുതൂക്ക വെട്ടിപ്പ്
തടയാന്‍ പ്രത്യേക സ്‌ക്വാഡ്
തിരുവനന്തപുരം: ഓണക്കാലത്ത് അളവുതൂക്ക വെട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് രണ്ട് ജില്ലാതല സ്‌പെഷല്‍ സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു.
താലൂക്കുതലത്തിലും 21 മുതല്‍ 26 വരെ പ്രത്യേക മിന്നല്‍പ്പരിശോധനകള്‍ നടത്തുമെന്ന് തിരുവനന്തപുരം അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ്.ശിവകുമാരന്‍ നായര്‍ അറിയിച്ചു. അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രചെയ്തത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ക്ക് കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, പായ്ക്കറ്റിന് പുറത്ത് നിയമാനുസൃത പ്രഖ്യാപനങ്ങള്‍ ഇല്ലാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
പരാതികള്‍ 2496227, 2494752 എന്നീ ഫോണ്‍ നമ്പരുകളിലേക്കോ അസിസ്റ്റന്റ് കണ്‍ട്രോളര്‍, ലീഗല്‍ മെട്രോളജി, കൈമനം, പാപ്പനംകോട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ അറിയിക്കാം.

റോഡ് വികസിപ്പിക്കണം:
ഫ്രാറ്റ്
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിനൊപ്പം തലസ്ഥാനത്തെ റോഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖം ആരംഭിക്കുന്നതോടെയുണ്ടാകുന്ന കണ്ടെയ്‌നര്‍ ഗതാഗതം ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം റോഡുകള്‍ വികസിപ്പിക്കണമെന്ന് ഫ്രാറ്റ് പ്രസിഡന്റ് പട്ടം ശശിധരന്‍നായരും ജനറല്‍ സെക്രട്ടറി എം.എസ്.വേണുഗോപാലും ആവശ്യപ്പെട്ടു.

സര്‍വകലാശാലയില്‍
ഓണാഘോഷം
തിരുവനന്തപുരം: കേരള സര്‍വകലാശാല ഗവേഷക ഡിപ്പാട്ട്‌മെന്റ്‌സ് യൂണിയനുകളുടെ ഓണാഘോഷങ്ങള്‍ ആരംഭിച്ചു. ഉദ്ഘാടനം കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ഗവേഷക യൂണിയന്‍ ചെയര്‍മാന്‍ വി.വി.അജേഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡിപ്പാട്ട്‌മെന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ വില്യംസ് സ്വാഗതം പറഞ്ഞു.
സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. പി.എം.രാധാമണി, സെനറ്റ് മെമ്പര്‍മാരായ ഡോ. എ.കെ.അമ്പോറ്റി, പി.മനേഷ്, യൂണിയന്‍ ട്രഷറര്‍ ഡോ. പി.മോഹനചന്ദ്രന്‍ നായര്‍, ഗവേഷക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.കെ.അഖില്‍ എന്നിവര്‍ സംസാരിച്ചു.

മത്സ്യത്തൊഴിലാളികളുമായി
ചര്‍ച്ച വേണം
തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യതുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യു. പ്രസിഡന്റ് അഡ്വ. വി.വി.ശശീന്ദ്രനും ജനറല്‍ സെക്രട്ടറി കൂട്ടായി ബഷീറും ആവശ്യപ്പെട്ടു.
വിഴിഞ്ഞം പദ്ധതിയോടുള്ള എതിര്‍പ്പല്ല ആശങ്കയാണ് മത്സ്യത്തൊഴിലാളി മേഖലയില്‍ നിലനില്‍ക്കുന്നത്. കടലില്‍ ആഴം വര്‍ദ്ധിപ്പിക്കുന്നതിനായി തീരുമാനിച്ചിട്ടുള്ള സ്ഥലത്തും ചുറ്റുപാടും മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം അസാദ്ധ്യമാക്കുന്നതാണ്. നിലവിലുള്ള കരപ്രദേശം പദ്ധതിക്കായി ഏറ്റെടുക്കുന്നതുകാരണം മത്സ്യത്തൊഴിലാളികളുടെ താമസവും ഒഴിവാക്കപ്പെടുകയാണെന്നും ഫെഡറേഷന്‍ ആരോപിച്ചു.

നിഷില്‍ സ്​പീച്ച് ലാംഗ്വേജ്
പത്തോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം:
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്​പീച്ച് ആന്‍ഡ് ഹിയറിങ്(നിഷ്) ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്​പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഓഡിയോളജി ആന്‍ഡ് സ്​പീച്ച് ലാംഗ്വേജ് പത്തോളജിയില്‍(എ.എസ്.എല്‍.പി.) ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, ഇ-മെയില്‍ ഐ.ഡി., ഫോണ്‍ നമ്പര്‍ എന്നിവ സഹിതം 20ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്​പീച്ച് ആന്‍ഡ് ഹിയറിങ്, നിഷ് റോഡ്, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം 695017 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

മോഷണപരമ്പര: പോലീസ് നിഷ്‌ക്രിയം -സി.പി.ഐ.
തിരുവനന്തപുരം: ജില്ലയില്‍ വ്യാപകമായി മോഷണപരമ്പരകള്‍ അരങ്ങേറുമ്പോഴും േപാലീസ് തുടരുന്ന നിഷ്‌ക്രിയത്വം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര്‍.അനില്‍ പ്രസ്താവനയില്‍ പറഞ്ഞു.
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം മോഷണപരമ്പരകളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നേമത്ത് ശാന്തിവിളയില്‍ 10 വീടുകളില്‍ ഒരുമിച്ച് മോഷണശ്രമം നടന്നു. അതിനുമുമ്പ് വീട്ടമ്മയേയും കുടുംബത്തേയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവവും നഗരത്തിലുണ്ടായി. ഈ സംഭവങ്ങളിലൊന്നും പ്രതികളെ പിടിക്കാന്‍ േപാലീസിനായിട്ടില്ല. ഫലപ്രദമായ അന്വേഷണവും ഇത്തരം കേസുകളില്‍ നടക്കുന്നില്ലെന്നും ജി.ആര്‍.അനില്‍ ആരോപിച്ചു.

സര്‍വീസ് വെരിഫിക്കേഷന് ഫീസ്:
തീരുമാനം പിന്‍വലിക്കണം
തിരുവനന്തപുരം: സര്‍ക്കാര്‍ജോലി ലഭിക്കുന്നവരുടെ സര്‍വീസ് വെരിഫിക്കേഷന് ആയിരം രൂപ ഈടാക്കാനുള്ള പി.എസ്.സി. തീരുമാനത്തില്‍ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
പി.എസ്.സി.യ്ക്കുമേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ മറികടക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് പണം കണ്ടെത്താനുള്ള കുറുക്കുവഴിയാണിത്. പി.എസ്.സി. നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സര്‍വീസ് വെരിഫിക്കേഷന്‍ നടത്തേണ്ട ചുമതല നിയമനാധികാരിക്കും സര്‍ക്കാരിനുമാണ്. വര്‍ഷങ്ങളായി നിയമനാധികാരിയെന്ന നിലയില്‍ വകുപ്പുമേധാവികളും ജില്ലാതല ഉദ്യോഗസ്ഥന്മാരും ചെയ്തുകൊണ്ടിരുന്ന ജോലിയാണ് 2010 മുതല്‍ പി.എസ്.സി.യെ ഏല്പിച്ചത്. ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാരും പി.എസ്.സി.യും തയ്യാറാവണമെന്ന് പ്രസിഡന്റ് കെ.എന്‍.സുകുമാരനും ജനറല്‍ സെക്രട്ടറി പി.എച്ച്.എം.ഇസ്മയിലും അഭ്യര്‍ത്ഥിച്ചു.

More Citizen News - Thiruvananthapuram