എയ്ഡഡ് വിദ്യാഭ്യാസമടക്കമുള്ള സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കണം -കാരാട്ട്

Posted on: 19 Aug 2015തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കണമെന്ന് സി.പി.എം. െപാളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. സ്വകാര്യമേഖലയില്‍ തൊഴില്‍സംവരണം നിയമംമൂലം നടപ്പാക്കുക, എല്ലാവര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്.) നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ സംവരണം നടപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും അത് നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 1.9 ലക്ഷം പേര്‍ തൊഴിലെടുക്കുന്ന എയ്ഡഡ് മേഖലയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാരുടെ എണ്ണം 380 മാത്രമാണ്.
കേന്ദ്രഭരണത്തില്‍ നടപ്പാക്കിവരുന്ന സ്വകാര്യവത്കരണ- ഉദാരീകരണ നയങ്ങള്‍ മൂലം തൊഴില്‍സംവരണം ഫലത്തില്‍ ഇല്ലാതാകുകയാണ്. ഈ സാഹചര്യത്തിലാണ് സ്വകാര്യമേഖലയിലും തൊഴില്‍സംവരണം നടപ്പാക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യം തങ്ങള്‍ ഉയര്‍ത്തുന്നതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
തൊഴിലാളികള്‍ അനുഭവിക്കുന്ന പല അവകാശങ്ങളും കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്നത്. ഇതിനുപുറമെ അങ്കണ്‍വാടി മേഖലയ്ക്കും ഗ്രാമീണതൊഴില്‍ മേഖലയ്ക്കുമുള്ള വിഹിതത്തില്‍ വന്‍ കുറവുവരുത്തിയ കേന്ദ്രസര്‍ക്കാര്‍, പട്ടികജാതി- പട്ടികവര്‍ഗ്ഗ ക്ഷേമത്തിനുള്ള വിഹിതത്തില്‍ 12000 കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
വിഴിഞ്ഞം: ലീഗ് മന്ത്രിമാരുെടയും ചീഫ് സെക്രട്ടറിയുെടയും അസാന്നിദ്ധ്യത്തില്‍
ദുരൂഹത -കോടിയേരി

വിഴിഞ്ഞം കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ സംസ്ഥാന ചീഫ് സെക്രട്ടറി പങ്കെടുക്കാതിരുന്നത് ദുരൂഹത സൃഷ്ടിക്കുകയാണെന്ന് മാര്‍ച്ചില്‍ സംസാരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തുറമുഖനിര്‍മാണ കരാറില്‍ ഒപ്പുെവക്കേണ്ടിയിരുന്നത് ചീഫ് സെക്രട്ടറിയായിരുന്നു. ലീഗ് മന്ത്രിമാരും പങ്കെടുത്തില്ല. മന്ത്രി കെ.എം.മാണി പ്രസംഗിക്കാന്‍ എഴുന്നേറ്റെങ്കിലും അവസരം ലഭിച്ചില്ല. വിഴിഞ്ഞം കരാറിനെ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്-ബി.ജെ.പി. അഡ്ജസ്റ്റ്‌മെന്റ് കരാറാക്കി മാറ്റിയിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന് സി.പി.എം. തടസ്സമുണ്ടാക്കില്ല. എന്നാല്‍, അതിന്റെ പിന്നില്‍ നടക്കുന്ന അഴിമതിയെയാണ് എതിര്‍ക്കുന്നത്. പട്ടികജാതിക്കാര്‍ക്കടക്കമുള്ള പിന്നാക്കവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് താത്പര്യമില്ലെന്നും കോടിയേരി പറഞ്ഞു. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലന്‍ പ്രസംഗിച്ചു. പി.കെ.എസ്. സംസ്ഥാന പ്രസിഡന്റും മുന്‍മന്ത്രിയുമായ കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.കെ.എസ്. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.സോമപ്രസാദ് സ്വാഗതം പറഞ്ഞു.
രാവിലെ 10ന് ആശാന്‍ സ്‌ക്വയറില്‍നിന്ന് പ്രകടനമായാണ് ആയിരക്കണക്കിന് പി.കെ.എസ്. പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്കെത്തിയത്. പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍, സെക്രട്ടറി അഡ്വ. കെ.സോമപ്രസാദ്, മുന്‍ എം.പി. എസ്.അജയകുമാര്‍, ബി.സത്യന്‍ എം.എല്‍.എ. എന്നിവര്‍ നേതൃത്വം നല്‍കി.


17


പട്ടികജാതി ക്ഷേമസമിതി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സി.പി.എം. െപാളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു

More Citizen News - Thiruvananthapuram