ലൈറ്റ് മെട്രോ: ഡി.എം.ആര്‍.സി. പിന്‍വാങ്ങുന്നു; ഓഫീസുകള്‍ പൂട്ടാന്‍ തീരുമാനം

Posted on: 19 Aug 2015


കെ.സജീവ്തിരുവനന്തപുരം: വിവാദങ്ങളും ഉദ്യോഗസ്ഥരുടെ പ്രതിലോമകരമായ ഇടപെടലുകളും കാരണം ലൈറ്റ് മെട്രോ പദ്ധതിക്കായുള്ള ഡി.എം.ആര്‍.സി.യുടെ ഓഫീസുകള്‍ പൂട്ടാന്‍ തീരുമാനമായി. ലൈറ്റ് മെട്രോ പദ്ധതിക്കായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ തുറന്ന ഡി.എം.ആര്‍.സി.യുടെ ഓഫീസുകളാണ് പൂട്ടുക. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഓഫീസുകള്‍ പൂട്ടാനുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍നിന്നുള്ള നിര്‍ദേശം ഡി.എം.ആര്‍.സി.യുടെ ഓഫീസുകളിലെത്തി. പദ്ധതിയില്‍ ഏറെ ശുഭാപ്തിവിശ്വാസം ഇതുവരെ പ്രകടിപ്പിച്ചിരുന്ന ഇ.ശ്രീധരനും ഇതോടെ പിന്‍വാങ്ങുകയാണെന്നാണ് സൂചന.
ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇനി ഓഫീസുകള്‍ തുടരേണ്ടതില്ലെന്ന് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ കോര്‍പ്പറേറ്റ് ഓഫീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലൈറ്റ് മെട്രോ പദ്ധതിക്കായി ഡി.എം.ആര്‍.സി. തയ്യാറാക്കിയ വിശദപഠന റിപ്പോര്‍ട്ട് ഈ മാസം 12നാണ് കേന്ദ്രസര്‍ക്കാരിന് സംസ്ഥാനം കൈമാറിയത്. എന്നാല്‍, ഈ റിപ്പോര്‍ട്ടിനൊപ്പം നല്‍കിയ കത്തില്‍ നിര്‍മാണച്ചുമതല ഡി.എം.ആര്‍.സി.ക്ക് നല്‍കുന്നതിനെക്കുറിച്ചോ ധനസമാഹരണ മാര്‍ഗത്തെക്കുറിച്ചോ വ്യക്തതയുണ്ടായിരുന്നില്ല. വാക്കാലുള്ള നിര്‍ദേശമാണ് കോര്‍പ്പറേറ്റ് ഓഫീസില്‍നിന്ന് നല്‍കിയിരിക്കുന്നതെന്ന് ഡി.എം.ആര്‍.സി. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇ.ശ്രീധരനുമായുള്ള കൂടിയാലോചനയ്ക്കുശേഷമാണ് ഓഫീസുകള്‍ പൂട്ടാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് സൂചന. വിദേശത്തായിരുന്ന ശ്രീധരന്‍ തിങ്കളാഴ്ചയാണ് നാട്ടിലെത്തിയത്. ഓഫീസുകള്‍ പൂട്ടാനുള്ള നിര്‍ദേശം ലഭിച്ചതിന് പിന്നാലെ ഡി.എം.ആര്‍.സി. ഉദ്യോഗസ്ഥര്‍ കെ.എം.സി.എല്‍. എം.ഡി. ഷേക്ക് പരീതിനെ വിവരം ധരിപ്പിച്ചു.
തിരുവനന്തപുരത്തെ ഓഫീസാകും ഉടന്‍ അടയ്ക്കുക. എന്നാല്‍,
കോഴിക്കോട് മേല്‍പ്പാലം നിര്‍മാണച്ചുമതല ഡി.എം.ആര്‍.സി.യ്ക്കുണ്ട്. ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ മാത്രം നിലനിര്‍ത്താനാണ് തീരുമാനം.
ലൈറ്റ് മെട്രോ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍നിന്ന് ഡി.എം.ആര്‍.സി.യെയും ശ്രീധരനെയും ഒഴിവാക്കാന്‍ ദീര്‍ഘനാളായി ഒരുവിഭാഗം രംഗത്തുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ മെട്രോ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ഇപ്പോള്‍ പദ്ധതികള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഡി.എം.ആര്‍.സി. ഇവിടെ പിന്‍വാങ്ങുന്നതോടെ ലൈറ്റ് മെട്രോ പദ്ധതി അനിശ്ചിതത്വത്തിലാകുമെന്നുറപ്പായി.
പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കാനാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ തുടക്കം മുതല്‍ തന്നെ ആവശ്യപ്പെടുന്നത്. ഹൈബ്രിഡ് പി.പി.പി.യിലൂടെ പദ്ധതി നടപ്പാക്കണമെന്ന് ധനവകുപ്പും ആവശ്യപ്പെടുന്നു. നടപടിക്രമങ്ങളില്‍ നിയമപരമായ സുതാര്യത ഉറപ്പാക്കാനും സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി പ്രശ്‌നമാകാതിരിക്കാനുമാണ് ഈ നിര്‍ദേശം മുന്നോട്ടുെവച്ചിട്ടുള്ളതെന്നാണ് ഇവരുടെ വാദം. ഡി.എം.ആര്‍.സി.യുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നതിനെതിരെ ധനവകുപ്പ് രേഖപ്പെടുത്തിയ വിയോജനക്കുറിപ്പോടെയാണ് മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തിയത്.
എന്നാല്‍, സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്ത് നടപ്പാക്കിയ മെട്രോ പദ്ധതികള്‍ പരാജയമാണെന്ന് ഇ.ശ്രീധരനും ഡി.എം.ആര്‍.സി. ഉദ്യോഗസ്ഥരും പലവട്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

More Citizen News - Thiruvananthapuram