കന്യാകുമാരി-തിരുവനന്തപുരം തീവണ്ടിയാത്ര ദുരിതപൂര്‍ണം

Posted on: 19 Aug 2015കുഴിത്തുറ: കന്യാകുമാരി-തിരുവനന്തപുരം പാതയില്‍ തീവണ്ടി ഓടാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. ഈ പാതയിലെ യാത്രക്കാരുടെ ദുരിതത്തിനും സ്റ്റേഷനുകളുടെ വികസനമില്ലായ്മയ്ക്കും യാതൊരു മാറ്റവുമില്ല.
1972-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആറും ചേര്‍ന്നാണ് കന്യാകുമാരിയില്‍ തീവണ്ടിപ്പാതയ്ക്ക് ശിലാസ്ഥാപനം നടത്തിയത്. തുടര്‍ന്ന് 1979 ഏപ്രില്‍ 14ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയും റയില്‍വേ മന്ത്രിയായിരുന്ന പ്രൊഫ. മധു ദന്തവാതെയും ചേര്‍ന്ന് ഈ പാതയിലൂടെയുള്ള ആദ്യ തീവണ്ടിക്ക് പച്ചക്കൊടി കാട്ടി. ജില്ലയിലെ ജനങ്ങളില്‍ ഏറെ വികസന പ്രതീക്ഷ ഉണ്ടായിരുന്ന സംരംഭമായിരുന്നു അത്. എന്നാല്‍, അതെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് തിരുവനന്തപുരം റയില്‍വേ ഡിവിഷനും ദക്ഷിണ റെയില്‍വേയും ഇവിടത്തുകാരോട് അയിത്തം കാട്ടുന്നു.
കന്യാകുമാരി-തിരുവനന്തപുരം പാതയിലൂടെ നിലവില്‍ ഇരുപതോളം യാത്രാതീവണ്ടികള്‍ ഓടുന്നു. ഇതിനുപുറമെ നിരവധി ചരക്കുതീവണ്ടികളും. ഇതില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് പാസഞ്ചര്‍ തീവണ്ടികള്‍. മറ്റുള്ളവ എക്‌സ്​പ്രസ്സും സൂപ്പര്‍ പാസഞ്ചറുകളുമാണ്. ഇതില്‍ത്തന്നെയും ജില്ലയിലെ യാത്രക്കാര്‍ക്ക് ഒട്ടും പ്രയോജനപ്പെടാത്ത തീവണ്ടികളാണ് അധികവും.
ഇതുവഴിക്ക് തിരുനെല്‍വേലിക്ക് പോകുന്ന എക്‌സ്​പ്രസ് ട്രയിനുകള്‍ തിരുവനന്തപുരം കഴിഞ്ഞാല്‍പ്പിന്നെ തിരുനെല്‍വേലിയിലാണ് നിര്‍ത്തുന്നത്. മറ്റു ചിലതാണെങ്കില്‍ തിരുവനന്തപുരത്ത് നിര്‍ത്തിയാല്‍പ്പിന്നെ നാഗര്‍കോവില്‍ മാത്രം.
വര്‍ഷം തോറും കോടികളുടെ വരുമാനം ലഭിക്കുന്ന ജില്ലയിലെ രണ്ടാമത്തെ വലിയ സ്റ്റേഷനായ കുഴിത്തുറയില്‍പ്പോലും പല തീവണ്ടികളും നിര്‍ത്തുന്നില്ല. ഇതിനുപുറമേ ജില്ലയിലെ സ്റ്റേഷനുകളുടെ അവസ്ഥ പരിതാപകരവുമാണ്. പ്ലൂറ്റ്‌ഫോമുകളുടെ എണ്ണവും നീളവും വര്‍ധിപ്പിക്കുകയോ, അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. പല ഹാള്‍ട്ടിങ് സ്റ്റേഷനുകളിലും പ്രാഥമികാവശ്യം നിറവേറ്റാനുള്ള മൂത്രപ്പുരയോ കുടിവെള്ള സൗകര്യമോ ഇല്ല.
എന്നാല്‍ വാഹനപാര്‍ക്കിങ് കരാര്‍ നല്‍കി റയില്‍വേ വര്‍ഷം തോറും ലക്ഷങ്ങള്‍ വരുമാനമായി നേടുന്നു. അയല്‍ ജില്ലയിലെ വരുമാനം തീരെ ഇല്ലാത്ത സ്റ്റേഷനുകളില്‍പ്പോലും ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും കന്യാകുമാരി ജില്ലയെ അവഗണിക്കുകയാണ് ചെയ്യുന്നത്.
ദിവസേന ആയിരങ്ങളാണ് നാഗര്‍കോവിലില്‍നിന്ന് രാവിലെ 6.45നും 7.55നും പുറപ്പെടുന്ന പാസഞ്ചര്‍ െട്രയിനുകളില്‍ തിരുവനന്തപുരത്തേക്ക് യാത്രചെയ്യുന്നത്. ഒരു ദിവസവും ഈ തീവണ്ടികള്‍ കൃത്യസമയമായ 8.40നോ 9.55നോ തിരുവനന്തപുരത്ത് എത്തില്ല. ഒരു മണിക്കൂറോളം നേമത്ത് തീവണ്ടി പിടിച്ചിട്ട് താമസിപ്പിക്കുന്നത് പതിവാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് ഓഫീസില്‍ എത്താനാകുന്നില്ല. ഇതില്‍ യാത്ര ചെയ്യുന്ന കൂലിപ്പണിക്കാര്‍ക്ക് അന്നത്തെ ജോലിയും നഷ്ടമാകുന്നുണ്ട്.
വൈകുന്നേരം നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള പാസഞ്ചര്‍ തീവണ്ടികളും കൃത്യസമയത്തിന് പുറപ്പെടാറില്ല. 5.10നും 6നുമുള്ള തീവണ്ടികള്‍ ഏറെ താമസിച്ചാണ് യാത്രതിരിക്കാറുള്ളത്.
വികസനമുരടിപ്പും യാത്രാദുരിതവും കാരണം ജില്ലയിലെ സ്റ്റേഷനുകളെ തിരുവനന്തപുരം ഡിവിഷനില്‍ നിന്നും വേര്‍പെടുത്തണമെന്ന ആവശ്യം ശക്തമായിത്തന്നെ നിലനില്‍ക്കുന്നു. തിരുനെല്‍വേലി ഡിവിഷന്‍ രൂപവത്കരിക്കുകയോ, മധുര ഡിവിഷന് കീഴില്‍ ജില്ലയെ ഉള്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.

More Citizen News - Thiruvananthapuram